ദില്ലി: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് ആക്രമിക്കപ്പെടുമ്പോള്‍ ഉറപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

കൊവിഡ് 19നെ നേരിടുന്ന അവരുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചത് കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അവരോടൊപ്പമുണ്ടെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ, കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് 'വൈറ്റ് അലേര്‍ട്ട്' എന്ന പേരില്‍ പ്രതിഷേധം അറിയിക്കാനാണ് ഐഎംഎയുടെ ആഹ്വാനം. ഇന്ന് രാത്രി ഒമ്പത് മണിക്കാണ് പരിപാടി. ചെന്നൈയിൽ ഡോക്ടറുടെ മൃതദേഹത്തോട് കാണിച്ച അനാദരവിലും പ്രതിഷേധം അറിയിക്കാനാണ് ഈ പ്രതിഷേധം.

ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അലയേണ്ടി വന്നത് ഒരു രാത്രി മുഴുവനുമാണ്. മൃതദേഹവുമായി ശ്മശാനങ്ങള്‍ കയറി ഇറങ്ങിയിട്ടും ഇടം ലഭിച്ചില്ല. ആംബുലന്‍സ് ഡ്രൈവറെയക്കം പ്രദേശവാസികള്‍ തല്ലി ഓടിച്ചു. ഒടുവില്‍ സഹപ്രവര്‍ത്തകനായ ഡോക്ടറാണ് സംസ്കാരം നടത്തിയത്. കൊവിഡ് ബാധിതനെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന ഡോക്ടര്‍ സൈമണ്‍ മരിക്കുകയായിരുന്നു.

സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് മൃതദേഹവുമായി കില്‍പ്പോക്കിലെ ശമശാനത്തില്‍ എത്തിയെങ്കിലും പ്രദേശവാസികള്‍ തടഞ്ഞു. രോഗം പടരാന്‍ ഇടവരുത്തുമെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ ഡോക്ടറുടെ മൃതദേഹവുമായി അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് സുഹൃത്തുക്കള്‍ പോയി. എന്നാല്‍ ഇവിടെയെത്തും മുമ്പേ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു.

ആംബലുന്‍സിന്‍റെ ചില്ല് തകര്‍ത്തു. ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ചുവെന്ന് ഹൃദയം തകര്‍ന്ന് ഡോക്ടര്‍ പ്രദീപ് കുമാറിന്‍റെ  വാക്കുകള്‍.
കൂടുതല്‍ പൊലീസെത്തി സുരക്ഷ ഒരുക്കിയെങ്കിലും മണ്ണ് മാറ്റാന്‍ പോലും ആളുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകന്‍റെ അന്ത്യവിശ്രമത്തിന് ഒടുവില്‍ കയ്യില്‍ കിട്ടിയ മണ്ണുവെട്ടിയുമായി ഡോക്ടറും ആശുപത്രിയിലെ അറ്റന്‍ഡറും ചേര്‍ന്ന് കുഴിയെടുത്തു.  പൊലീസ് സുരക്ഷയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് ആണ് ഒടുവില്‍ സംസ്കാരം നടത്തിയത്.