ഓപ്പറേഷൻ സിന്ദൂരിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. ദില്ലിയിൽ ഇന്ത്യ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ ആലേഖനം ചെയ്തത്.
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂരി'നിടെ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. ദില്ലിയിൽ ഇന്ത്യ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്. അഞ്ച് കരസേന ഉദ്യോഗസ്ഥരുടെയും ഒരു വ്യോമസേന ഉദ്യോഗസ്ഥൻ്റെയും പേരുകളാണ് വെളിപ്പെടുത്തിയത്. ദേശീയ യുദ്ധസ്മാരക വെബ്സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസം നടന്ന ഓപ്പറേഷൻ സിന്ദൂരിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികം രാജ്യം ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, 4 ജമ്മു ആൻ്റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽ കുമാർ വീരചക്ര, 5 ഫീൽഡ് റെജിമെൻ്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെൻ്റിലെ ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായ്ക്ക്, 237 ഫീൽഡ് വർക്ക് ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽ കുമാർ സിങ്, 39 വിങ്ങിലെ സർജൻ്റ് സുരേന്ദ്ര കുമാർ വായു മെഡൽ എന്നിവരാണ് കൊല്ലപ്പെട്ട ആറു സൈനികർ. 2025ൽ കൊല്ലപ്പെട്ട സൈനികരുടെ വിഭാഗത്തിലാണ് ഓപ്പറേഷൻ സിന്ദൂരിനിടെ കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകളും ഉൾപ്പെടുത്തിയത്.
2025 ഏപ്രിൽ മാസം 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നൽകാനായിരുന്നു ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധിന കശ്മീരിലെയും ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഒൻപത് ഭീകരതാവളങ്ങൾ തകർക്കാൻ കഴിഞ്ഞിരുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളുടെ പരിശീലന കേന്ദ്രങ്ങളടക്കമാണ് ഇന്ത്യ ആക്രമിച്ചത്.


