ഭോപ്പാല്‍: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ  സാധനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൌഹാന്‍. ഇനിമുതല്‍ സര്‍ക്കാര്‍ ശേഖരിക്കുക മധ്യപ്രദേശിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മാത്രമാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആ വാഹനങ്ങള്‍ പിടിച്ചെടുത്ത് അതുമായി എത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നാണ് പ്രഖ്യാപനം. വ്യാഴാഴ്ചയാണ് പ്രഖ്യാപനമെത്തുന്നത്. 

സെഷോറില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വിളഞ്ഞ ഉത്പന്നങ്ങള്‍ മാത്രമാകും ഇനി സര്‍ക്കാര്‍ വാങ്ങുക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ മധ്യപ്രദേശില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്ന വാഹനവും എത്തിക്കുന്നവരും പിടിയിലാകും. കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തുകൊണ്ടുള്ള പരിപാടിയിലായിരുന്നു പ്രഖ്യാപനം. 

കിസാന്‍ കല്യാണ്‍ യോജനയിലൂടെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലായിരം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ രൂക്ഷമായി ആക്രമിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് എല്ലാക്കാലവും കര്‍ഷകര്‍ക്ക് എതിരാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. തെറ്റിധാരണകള്‍ കര്‍ഷകരില്‍ കോണ്‍ഗ്രസ് കുത്തിവയ്ക്കുകയെന്നാണ് ആരോപണം. ഇത്തരത്തില്‍ സംസ്ഥാനത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നാണ് ശിവരാജ സിംഗ് ചൌഹാന്‍ വിശദമാക്കുന്നത്.