ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുള്ള  എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. അദ്ദേഹത്തിനുളള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരുമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

ക്യാബിനെറ്റ് സെക്രട്ടേറിയറ്റിന്‍റെയും ആഭ്യന്തരമന്ത്രാലയത്തിന്‍റെയും നേതൃത്വത്തിലുള്ള സുരക്ഷാ അവലോകനത്തിനു ശേഷമാണ് മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷാ സംഘത്തിന്‍റെ സംരക്ഷണം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  ഇനി മുതല്‍ സിആര്‍പിഎഫിനാകും അദ്ദേഹത്തിന്‍റെ സുരക്ഷാ ചുമതല.  രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ആവശ്യമുണ്ടെന്ന് കണ്ടെത്തുന്ന നേതാക്കള്‍ക്കാണ് എസ്‍പി‍ി സംരക്ഷണം നല്‍കിവരുന്നത്.  സുരക്ഷാഭീഷണിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുക.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് എസ്‍പിജി സുരക്ഷയുണ്ട്.