രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ആശയവിനിമയം 'പരീക്ഷ പേ ചര്‍ച്ച' യുടെ (Pariksha Pe Charcha) അഞ്ചാം ലക്കം നാളെ (2022 ഏപ്രില്‍ 1 ന് ) നടക്കും. ദില്ലിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരിപാടി നടക്കുക. രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും.
വാര്‍ഷിക പരിപാടിയായ 'പരീക്ഷാ പേ ചര്‍ച്ച' യില്‍ പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം പരിപാടി തത്സമയം വീക്ഷിക്കും. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governor Arif Mohammad Khan) കൊച്ചിയിൽ പരിപാടിയുടെ ഭാഗമാകും. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന പരിപാടിയിലാകും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കു ചേരുക.
കൊവിഡ്-19 മഹാമാരിയില്‍ നിന്ന് രാജ്യം കരകയറുകയും പരീക്ഷകള്‍ ഓഫ്ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ച പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വിദ്യാര്‍ത്ഥികളില്‍ പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'എക്‌സാം വാരിയേഴ്‌സ്' എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചര്‍ച്ച .
പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഓണ്‍ലൈന്‍ സര്‍ഗ്ഗാത്മക രചനാ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മൈഗവ് പ്ലാറ്റ്ഫോമിലൂടെ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി 3 വരെയാണ് മത്സരം സംഘടിപ്പിച്ചത്. ഈ വര്‍ഷം 15.7 ലക്ഷം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രശംസാപത്രവും പ്രധാനമന്ത്രി എഴുതിയ എക്‌സാം വാരിയേഴ്‌സ് പുസ്തകം അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചര്‍ച്ചാ കിറ്റും സമ്മാനിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിപാടി ദൂരദര്‍ശന്‍, ആകാശവാണി ദേശീയ റേഡിയോ ചാനലുകള്‍, ടിവി ചാനലുകള്‍, രാജ്യസഭാ ടിവി എന്നിവയും, പ്രധാനമന്ത്രിയുടെ കാര്യാലയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ യു ട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
എസ്എസ്എൽസി പരീക്ഷ തുടങ്ങി; നാല് ലക്ഷത്തിലേറെ കുട്ടികൾക്ക് പരീക്ഷ
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങി. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇക്കുറിപരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങൾആണ്. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. സംസ്ഥാനത്ത് ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്നലെ മുതൽ തുടങ്ങിയിരുന്നു.
