രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് അവകാശമുണ്ടെന്നും  പെഗാസസ് പോലെ വിവരം ചോർത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിൻറെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി

ദില്ലി: രാജ്യസുരക്ഷയ്ക്കായി ചാര സോഫ്റ്റ്‍വെയർ പെഗാസസ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് അവകാശമുണ്ടെന്നും പെഗാസസ് പോലെ വിവരം ചോർത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിൻറെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ ആരുടെയെങ്കിലും സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരുൾപ്പെട്ട ബഞ്ച് വ്യക്തമാക്കി.

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോർത്തുന്നുവെന്ന നിരവധി പരാതികൾ കോടതിക്ക് മുന്നിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പരിശോധിക്കാൻ സുപ്രീം കോടതി ഒരു സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ട് എല്ലാ ഹർജിക്കാർക്കും നൽകണമെന്ന ആവശ്യം ഇന്ന് കോടതിയുടെ മുൻപിലെത്തി. കപിൽ സിബൽ ഉൾപ്പെടെയുള്ള അഭിഭാഷകർ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇന്ന് ആ റിപ്പോർട്ട് ഹർജിക്കാർക്ക് നൽകിയിട്ടില്ല. കൂടുതൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. 

അതിനിടെയാണ് രാജ്യസുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി പറഞ്ഞത്. എന്നാൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. 

26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ; ഫ്രാൻസുമായി 63,000 കോടിയുടെ കരാറിൽ ഒപ്പുവച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം