Asianet News MalayalamAsianet News Malayalam

കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ; നടപടിക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി

എഞ്ചിനിയറിംഗ്, സിഗ്നൽസ്, ആർമി സർവീസ് കോപ്സ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ്  വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകുക. സുപ്രീം കോടതി  ഉത്തരവിനെ  തുടർന്നാണ്  നടപടി.

govt issues formal sanction letter on permanent commission for women in indian army
Author
Delhi, First Published Jul 23, 2020, 5:07 PM IST

ദില്ലി: കരസേനയിലെ വനിതാ ഓഫീസർമാർക്ക്  സ്ഥിരം കമ്മീഷൻ നൽകുന്നതിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. എഞ്ചിനിയറിംഗ്, സിഗ്നൽസ്, ആർമി സർവീസ് കോപ്സ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ്  വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകുക. സുപ്രീം കോടതി  ഉത്തരവിനെ  തുടർന്നാണ്  നടപടി.  വനിതാ ഓഫീസർമാരെ കൂടുതൽ ശാക്തീകരിക്കാൻ ഇതിലൂടെ കഴിയുമെന്ന് കരസേന വക്താവ് പറഞ്ഞു.

ഫെബ്രുവരി പതിനേഴിനാണ് കരസേനയിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു വിധി.  ഇന്ത്യൻ നാവിക സേനയിലും വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട. മാർച്ചിലാണ് ഇതു സംബന്ധിച്ച വിധി വന്നത്. കരസേനയിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ച അതേ ബെഞ്ചാണ് ഈ വിധിയും പ്രസ്താവിച്ചിരിക്കുന്നത്.

പുരുഷ ഉദ്യോഗസ്ഥർക്കുള്ള എല്ലാ അവകാശവും സ്ത്രീകൾക്കും ഉണ്ടാകണമെന്നാണ് കോടതി വിധിച്ചത്. സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്. എതിർപ്പ് ഉന്നയിച്ചുള്ള വാദങ്ങൾ വാർപ്പ് മാതൃകകൾ മാത്രമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പുരുഷന്മാരുടെ അതേ കാര്യക്ഷമതയിൽ സ്ത്രീകൾക്കും തുടരാനാകണം. രാജ്യത്തെ സേവിക്കുന്ന നാവിക സേനയിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് ഗുരുതരമായ അനീതിയാണ്. കോടതിക്ക് ലിംഗ നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയോടെ വനിതകളുടെ വിരമിക്കൽ പ്രായവും പുരുഷന്മാരുടേതിന് തുല്യമായി.

Read Also: നിയമസഭാ സമ്മേളനം നടത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നു: മുല്ലപ്പള്ളി...
 

Follow Us:
Download App:
  • android
  • ios