അഗര്‍ത്തല: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ അഭിപ്രായം സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിക്കാമെന്ന് ത്രിപുര ഹൈക്കോടതി. റിട്ടയര്‍ ചെയ്യുന്നതിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഒരു രാഷ്ട്രീയ റാലിയില്‍ പങ്കെടുത്തതിനും അനുകൂലമായി ഫേസ്‍ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തതിന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥക്ക് അനുകൂലമായാണ് ത്രിപുര ഹൈക്കോടതിയുടെ വിധി. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതും ഭാഗവാക്കാവുന്നതില്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന മത്സ്യവകുപ്പില്‍ യുഡി ക്ലര്‍ക്ക് ആയിരുന്ന ലിപികാ പോളാണ് അച്ചടക്ക നടപടിയെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. 

ത്രിപുര സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു ലിപികാ പോളിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. സ്വതന്ത്രമായ സംസാരിക്കാനുള്ള സ്വാതന്ത്ര്യം പരാതിക്കാരിക്ക് ഉണ്ട്. എന്നാല്‍ അത്തരം ആശയം പ്രകടമാക്കലുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പരാതിക്കാരി ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടുമാത്രം ചട്ടങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്ട്രീയ പ്രചാരണ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും കോടതി വിശദമാക്കി. ജസ്റ്റിസ് അഖില്‍ ഖുറേഷിയുടേതാണ് വിധി. 

വകുപ്പുതല അന്വേഷണങ്ങളില്‍ ഇടപെടുന്നതില്‍ കോടതിക്ക് താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കൃത്യമായ മാര്‍ഗങ്ങളിലൂടെയുള്ള അന്വേഷണമല്ല പരാതിക്കാരിക്കെതിരായി നടത്തിയിരിക്കുന്നതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. പരാതിക്കാരി റാലിയില്‍ പങ്കെടുത്ത് അച്ചടക്ക നടപടിയെടുക്കാന്‍ കാരണമല്ല. തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്ന സമയത്ത് അവിടെയുള്ള എല്ലാവരും ആ റാലികളില്‍ ഭാഗമാകുന്നുണ്ടോയെന്നും ജസ്റ്റിസ് അഖില്‍ ഖുറേഷി ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയമ സംരക്ഷണമുണ്ടെന്നും കോടതി വ്യക്തമാക്കി. 

സര്‍വ്വീസ് ചട്ടങ്ങളെ അനുസരിച്ച് രാഷ്ട്രീയ അഭിപ്രായം പറയാന്‍ പരാതിക്കാരിക്ക് സാധിക്കും. പരാതിക്കാരിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാനും റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഭിപ്രായം പ്രകടിപ്പിച്ചുവെന്നത് ജനാധിപത്യ സമൂഹത്തില്‍ തെറ്റല്ല. ആരോഗ്യപരമായ വിമര്‍ശനം പൊതുസ്ഥാപനത്തിന് നല്ലതാണെന്നും കോടതി വ്യക്തമാക്കി.