ജമ്മുകശ്മീര്‍: സര്‍ക്കാര്‍ ഉത്തരവുകളെ അപമാനിക്കാന്‍ സമൂഹമാധ്യമങ്ങളുപയോഗിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജമ്മുകശ്മീര്‍ പൊലീസ്. താഴ്‍വരയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് നേരെയല്ലെ കേസെടുത്തതെന്നും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പൊലീസ് വിശദമാക്കി.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടന്നിരുന്നു. സര്‍ക്കാരിനെതിരായ കുപ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ ജനുവരി 14 ന് സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജമ്മു കശ്മീര്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. ആളുകളെ ഭിന്നിപ്പിക്കുന്ന രീതിയില്‍ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. പ്രത്യേക ഫയര്‍വാള്‍ സംവിധാനവും അധികാരികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഹുറിയത്ത് നേതാവ് സയിദ് അലി ഗിലാനിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകനോട് പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇയാളല്ലെന്ന് ബോധ്യമായതോടെ മാധ്യമപ്രവര്‍ത്തകനെ പൊലീസ് വിട്ടയച്ചിരുന്നു. കശ്മീരിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റെ മിയാന്‍ ക്യയൂമിന് ആഗ്ര ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായതായും സമൂഹമാധ്യമങ്ങള്‍ വലിയ രീതിയില്‍ പ്രചാരണമുണ്ടായതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്ക്.

ഈ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഒവൈസിയുടെ ട്വീറ്റ്.

നിലവില്‍ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടുള്ള 1485 വെബ് സൈറ്റുകള്‍ മാത്രമാണ് ജമ്മു കശ്മീരില്‍ ലഭിക്കുക. വിപിഎന്‍ സാങ്കേതിക ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സമൂഹമാധ്യമങ്ങളും ജമ്മുവില്‍ ലഭിക്കില്ല. താഴ്വരയില്‍ നല്‍കിയ 2ജി മൊബൈല്‍ ഡാറ്റ സംവിധാനത്തിന്‍റെ ഉപയോഗം ഫെബ്രുവരി 24 വരെ നീട്ടിയിരുന്നു. പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ നേരത്തെ കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിലക്കിയിരുന്നു