ബെംഗളൂരു: കർണാടകയിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഔദ്യോഗിക വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ബെംഗളൂരു പൊലീസ് നൽകിയ നിർദ്ദേശത്തെ തുടർന്നാണിത്. മുൻ നിയമസഭാംഗങ്ങൾക്കും ഇത് ബാധകമാണ്.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങൾ പണം കടത്തുന്നതിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബെംഗളൂരു പൊലീസ് ജിപിഎസ് ഘടിപ്പിക്കണമെന്ന നിർദ്ദേശം നൽകിയത്. നിലവിൽ മുൻ മന്ത്രിയുടെ പേഴ്‌സണൽ അസ്സിസ്റ്റന്റും  നിലവിലെ മന്ത്രിയുടെ കീഴിലുള്ള വകുപ്പ്  ഉദ്യോഗസ്ഥനും അനധികൃതമായി കാറിൽ പണം കടത്തിയ കേസിൽ അന്വേഷണം നേരിടുകയാണ്.

മുസ്‌റായ്  വകുപ്പ് (സംസ്ഥാനത്തെ ക്ഷേത്ര ങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച വകുപ്പ്) മന്ത്രി ശ്രീനിവാസ് പൂജാരി, മുൻ മന്ത്രി പുട്ടരംഗ ഷെട്ടി എന്നിവരുടെ വാഹനങ്ങളാണ് പണം  കടത്തുന്നതിനായി ഉപയോഗിച്ചത്. വാഹനങ്ങളിൽ നിന്ന്  യഥാക്രമം  1.1 കോടി രൂപയും 14 ലക്ഷം രൂപയും ബെംഗളൂരു പൊലീസ് പിടിച്ചെടുത്തിരുന്നു. 

ജിപിഎസ് ഘടിപ്പിക്കുന്നത് വഴി സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് നിയമസഭാ കൗൺസിൽ 38 വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി പരാജയപ്പെടുകയായിരുന്നു. 

അതിനു പുറമേ രണ്ടു മാസങ്ങൾക്കു മുൻപ് വാഹനം ട്രാക്ക് ചെയ്യുന്നതിനായുള്ള വിടിഎസ് (വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം) സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് സംബന്ധിച്ച് ടെൻഡർ വിളിച്ചെങ്കിലും കർശനമായ നിബന്ധനകൾ വച്ചതുകാരണം ആരും സമീപിച്ചില്ലെന്ന് കൗൺസിൽ ചെയർമാൻ പ്രതാപ് ചന്ദ്ര ഷെട്ടി പറയുന്നു . നിബന്ധനകളിൽ ഇളവു വരുത്തി പുതിയ ടെൻഡർ വിളിക്കാൻ ആലോചിക്കുന്നതായും ചെയർമാൻ വ്യക്തമാക്കിയിരുന്നു.

Read More: എംഎല്‍എയുടെ മകന്‍റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; അപകടം അടിപിടിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം

എന്തായാലും ഔദ്യോഗിക വാഹനങ്ങളിൽ ജിപിഎസ് സ്ഥാപിക്കുന്നതിന്  സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ  താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാൽ പദ്ധതി ഇനിയും വൈകാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുളള സൂചനകൾ. 23ലധികം വാഹന ഉടമകൾ പദ്ധതി  സുരക്ഷിതമല്ലെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞതായും പറയുന്നു.