സിബിഐയുടെ ചരിത്രത്തിൽ ആദ്യമായി ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സ്ഥാപനമായ സിബിഐ അഥവാ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. അപേക്ഷിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം പേർക്ക് വിവരശേഖരണം, ഡാറ്റാ അനാലിസിസ്, അന്വേഷണ തന്ത്രങ്ങൾ എന്നിവയിൽ 6 - 8 ആഴ്ച നീളുന്ന പരിശീലനം സിബിഐ നൽകും. ജനുവരി 23 -നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം സിബിഐയുടെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. 


 

2020 മേയിലാണ് പരിശീലനം തുടങ്ങുക. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച്, " നിങ്ങൾ എന്തിനാണ് സിബിഐയുടെ അപ്രന്റീസ് പ്രോഗ്രമിൽ ചേരാൻ അഗ്രഹാഹിക്കുന്നത് ?" എന്ന വിഷയത്തെ ആസ്പദമാക്കി മുന്നൂറു വാക്കിൽ കുറയാത്ത ഒരു കുറിപ്പിനൊപ്പം 2020 ഫെബ്രുവരി 21 -ന് മുമ്പായി,  ഗാസിയാബാദിലെ സിബിഐ ട്രെയ്നിങ് അക്കാദമിയുടെ അഡ്രസിലാണ് അയക്കേണ്ടത്. ദില്ലി, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നീ നാലു നഗരങ്ങളിലായി അഭിമുഖങ്ങൾ നടത്തപ്പെടും. അതിൽ വിജയിക്കുന്നവർക്കാണ് അവസരമുണ്ടാവുക. 

അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം. ബിരുദമാണ് അടിസ്ഥാനയോഗ്യത. നിയമം, സൈബർ ഡാറ്റാ അനാലിസിസ്, ഫോറൻസിക് സയൻസ്, ക്രിമിനോളജി, മാനേജ്‌മെന്റ്, എക്കണോമിക്സ്, കൊമേഴ്‌സ് തുടങ്ങിയവയിൽ ഗവേഷണം നടത്തുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ക്രിമിനൽ കേസന്വേഷണം, കോടതി വിധികളുടെ വിശകലനം, അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മുൻകരുതലുകൾ, സാമ്പത്തിക കുറ്റങ്ങൾ, ബാങ്കിങ് തട്ടിപ്പുകൾ എന്നിവയുടെ അന്വേഷണം, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ GAP അനാലിസിസ്, അഴിമതിക്കെതിരായ അന്വേഷണത്തിലെയും, വിചാരണയിലെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും എന്നിങ്ങനെ പല വിഷയങ്ങളിലും പരിശീലനാർത്ഥികൾക്ക് ട്രെയിനിങ് നല്കപ്പെടുന്നതാണ്. 


 

ഇത് ഒരു വേതനരഹിത അപ്രെന്റീസ്ഷിപ്പ് ആയിരിക്കും. എന്നുമാത്രമല്ല, ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സിബിഐ ജോലി വാഗ്ദാനം ചെയ്യുന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു 'നോൺ ഡിസ്‌ക്ളോഷർ എഗ്രിമെന്റ്' ലും പരിശീലനാർത്ഥികൾ ഒപ്പിടേണ്ടതുണ്ട്. സ്വന്തം ലാപ്ടോപുമായി വേണം പരിശീലനത്തിന് ചെല്ലാൻ. ഇന്റർനെറ്റ് കണക്ഷൻ, പരിശീനനത്തിനാവശ്യമായ ഡാറ്റ, വിദഗ്ധോപദേശം എന്നിവ നൽകുന്ന സിബിഐ കോഴ്സ് കഴിയുന്ന മുറയ്ക്ക് പ്രകടനത്തെ വിലയിരുത്തി പെർഫോമൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 

അപേക്ഷാ ഫോറം ഈ ലിങ്കിൽ ഡൌൺലോഡ് ചെയ്യാം.