ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടും തന്‍റെ ഇഡ്ഢലിയുടെ വില കൂട്ടില്ലെന്ന് ഇഡ്ഢലി മുത്തശ്ശി. എണ്‍പതുപിന്നിട്ട കമലത്താള്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതകളിലും ഇഡ്ഢലിയും സാമ്പാറും ഉണ്ടാക്കി ദിവസവും ആളുകളെ ഊട്ടുന്നത് ഇഡ്ഢലി ഒന്നിന് ഒരുരൂപ വച്ചാണ്. 

30 വര്‍ഷമായി കമലത്താല്‍ വടിവേലംപാളയത്തെ തന്‍റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ട്. അടുത്തൊന്നും ഒരു കൊവിഡ് കാരണവും ഇത് കമലത്താള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. 

''കൊറോണ കാരണം സാഹചര്യം അല്‍പ്പം മോശമാണ്. എന്നിട്ടും ഇഡ്ഢലി ഒരു രൂപയ്ക്ക് കൊടുക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. ഒരുപാട് അതിഥി തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. കുറച്ച് പേര്‍ എന്നെ സഹായിക്കാന്‍ വരുന്നുണ്ട്. അത്യാവശ്യ സാധനങ്ങളൊക്കെ അവര്‍ തരുന്നുണ്ട്. അതുവച്ച് ഞാന്‍ ഒരു രൂപയ്ക്ക് ഇഡ്ഢലി നല്‍കും. '' കമലത്താള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു. 

ഇത്രയും കുറഞ്ഞ തുകയ്ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്നുവെന്നത് കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഈ നിസ്വാര്‍ത്ഥ സേവനവും സോഷ്യല്‍ർ മീഡ‍ിയ ഏറ്റെടുത്തിരിക്കുകയാണ്. 

ഇഡ്ഢലി മുത്തശ്ശിയുടെ ജീവിതം ഇങ്ങനെ 

രാവിലെ സൂര്യനുദിക്കും മുമ്പ് ഉണരുന്ന കമലത്താള്‍ നേരെ പോകുന്നത് മകനൊപ്പം നല്ല ശുദ്ധമായ പച്ചക്കറിയെടുക്കാനാണ്. തേങ്ങയും മറ്റും  അമ്മിയിലും ആട്ടുകല്ലിലുമായി അരച്ചെടുക്കും. സാമ്പാറിനുള്ള കൂട്ടുകള്‍ തയ്യാറാക്കും. തലേന്ന് അരച്ചുവച്ച മാവെടുത്ത് ഇഡ്ഢലി ഉണ്ടാക്കും. ഒപ്പം വിളമ്പാന്‍ സാമ്പാറും അപ്പോഴേയ്ക്കും റെഡിയാകും. ദിവസവും ആയിരം ഇഡ്ഢലിവരെ ഉണ്ടാക്കുന്നുണ്ട് കമലത്താള്‍. 

രാവിലെ ആറുമുതല്‍ വടിവേലപ്പാളയത്തെ കമലത്താളിന്‍റെ താമസസ്ഥലത്ത് തിരക്കുതുടങ്ങും. വീട്ടില്‍വച്ചുതന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും നല്‍കുന്നതുമെല്ലാം. ആവശ്യക്കാര്‍ ക്ഷമയോടെ വരിനില്‍ക്കും. ഭക്ഷണം മതിയാവോളം കഴിക്കും. വയറും മനസ്സും നിറഞ്ഞ് മടങ്ങും. എല്ലാവരെയും നിറപുഞ്ചിരിയോടെ വരവേല്‍ക്കുകയും മടക്കിയയക്കുകയും ചെയ്യും കമലാത്താള്‍. 

Read More: 30 വര്‍ഷമായി ഇഡ്ഢലി വില്‍ക്കുന്നു, വില ഒരുരൂപമാത്രം, വിശക്കുന്നവര്‍ കഴിക്കട്ടേ എന്ന് കമലത്താള്‍

''കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എല്ലാവരും കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചത്'' - കമലത്താള്‍ പറഞ്ഞു. 

കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ഒരുപാടുപേര്‍ക്ക് ആഹാരമുണ്ടാക്കുന്നത് തനിക്ക് ശ്രമകരമായി തോന്നിയിട്ടേയില്ല. ആറ് കിലോ അരിയും ഉഴുന്നും അരച്ചെടുക്കാന്‍ നാല് മണിക്കൂറെടുക്കും. വൈകീട്ടുതന്നെ മാവ് അരച്ചുവയ്ക്കും. ശുദ്ധമായ മാവ് മാത്രമേ ദിവസവും ഉപയോഗിക്കാറുള്ളുവെന്നും ഈ മുത്തശ്ശി പറയുന്നു.  ഉച്ചവരെ കമലത്താളിന്‍റെ വീട്ടില്‍ ഇഡ്ഢലി വില്‍പ്പനയുണ്ടാകും. ആലിലയിലോ തേക്കിന്‍റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക. 

എല്ലവാരും വിലകൂട്ടി വില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇന്നുവരെ അതിന് തയ്യാറായിട്ടില്ല ഇവര്‍. തന്നെ തേടിയെത്തുന്നവരെല്ലാം പാവപ്പെട്ടവരാണെന്നും 10, 15 രൂപ വച്ച് ചോദിച്ചാല്‍ ദിവസവും തരാന്‍ അവര്‍ക്കാവില്ലെന്നുമാണ് ഈ മുത്തശ്ശിയുടെ പക്ഷം. 

10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. പിന്നീടത് ഒരു രൂപയാക്കുകയായിരുന്നു. ഇനിയും വിലകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ മുത്തശ്ശി അതുതന്നെ ആവര്‍ത്തിക്കും 'പാവങ്ങളല്ലേ' എന്ന്. ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ്  തന്‍റെ ലക്ഷ്യമെന്നും  ഈ മുത്തശ്ശി പറയുന്നു. 

200 രൂപവരെയാണ് കമലത്താളിന് ഒരു ദിവസം ലഭിക്കുന്ന ലാഭം. ഭാവിയിലും ഇഡ്ഢലിയുടെ വിലകൂട്ടാന്‍ ഉദ്ദേശിച്ചിട്ടില്ല മുത്തശ്ശി. ആളുകള്‍ ആവശ്യപ്പെട്ട് ഉഴുന്നുവട കൂടി ഇഡ്ഢലിക്കൊപ്പം നല്‍കുന്നുണ്ടിപ്പോള്‍. ഇതിന് 2.50 രൂപയാണ് വില. ''മക്കളും കൊച്ചുമക്കളും ഇത് നിര്‍ത്താനും ആരോഗ്യം ശ്രദ്ധിക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതാണ് എന്‍റെ സന്തോഷം. അതെനിക്ക് അവസാനിപിപ്കാകാനാവില്ല'' എന്നും പറഞ്ഞുവയ്ക്കുന്നു ഈ 'ഇഡ്ഢലി മുത്തശ്ശി'.