Asianet News MalayalamAsianet News Malayalam

'ഇന്ത്യ' സഖ്യത്തിൽ അതൃപ്തി; നാളെ നടത്താനിരുന്ന വിശാല യോ​ഗം മാറ്റിവെച്ചു; കോര്‍ഡിനേഷന്‍ കമ്മിറ്റി നാളെ ചേരും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേളയില്‍ സഖ്യനീക്കങ്ങള്‍ക്കൊന്നും  മുതിരാതിരുന്ന കോണ്‍ഗ്രസ്, തിരിച്ചടിയേറ്റതിന് പിന്നാലെ യോഗം വിളിച്ച നടപടിയെ പരിഹാസ്യമായാണ് സഖ്യ കക്ഷികളില്‍ പലരും കാണുന്നത്.

grand meeting scheduled for tomorrow has been postponed sts
Author
First Published Dec 5, 2023, 9:30 PM IST

ദില്ലി: തെരഞ്ഞെടുപ്പിന് പിന്നാലെ ഉരുണ്ടുകൂടിയ അതൃപ്തിയെ തുടര്‍ന്ന് ഇന്ത്യ സഖ്യം നാളെ നടത്താനിരുന്ന വിശാല യോഗം മാറ്റിവച്ചു. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ അറിയിച്ചു. വിശാല യോഗം മാറ്റിവച്ചെങ്കിലും കോര്‍ഡിനേഷന്‍ കമ്മിറ്റി നാളെ ചേരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

മറ്റ് പരിപാടികളുള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് മമത ബാനര്‍ജി അറിയിച്ചു. തിരക്കുണ്ടെന്ന്  അഖിലേഷ് യാദവ്, പകരക്കാരനെ വിടാമെന്ന് നിതീഷ് കുമാര്‍. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍  നിന്ന്  അസൗകര്യം അറിയിച്ച് പ്രധാന നേതാക്കള്‍ ഒന്നൊന്നായി പിന്‍മാറുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേളയില്‍ സഖ്യനീക്കങ്ങള്‍ക്കൊന്നും  മുതിരാതിരുന്ന കോണ്‍ഗ്രസ്, തിരിച്ചടിയേറ്റതിന് പിന്നാലെ യോഗം വിളിച്ച നടപടിയെ പരിഹാസ്യമായാണ് സഖ്യ കക്ഷികളില്‍ പലരും കാണുന്നത്.

കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസിന് നേതൃസ്ഥാനത്ത് തുടരാനാകില്ലെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. തെരഞ്ഞെടുപ്പിന് പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി തങ്ങളാണെന്ന അവകാശവാദം ആംആദ്മി പാര്‍ട്ടി ഉന്നയിച്ചതും സഖ്യത്തിന്‍റെ നേതൃപദവി കോണ്‍ഗ്രസ് കൈയാളുന്നതിലെ അതൃപ്തിയുടെ തെളിവാണ്. ഭോപ്പാലില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ റാലി റദ്ദ് ചെയ്തതിലും പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ട്. നാളെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരുമെന്നറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. പ്രധാനന്ത്രിസ്ഥാനാര്‍ത്ഥിയാകാന്‍ നിതീഷ് കുമാര്‍ യോഗ്യനാണെന്ന പ്രചാരണം ഇതിനിടെ ജെഡിയു ശക്തമാക്കുന്നുമുണ്ട്. 

നാളത്തെ വിശാല സഖ്യയോഗം മാറ്റി

Latest Videos
Follow Us:
Download App:
  • android
  • ios