പൊള്ളാച്ചി: പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. കേസില്‍ പൊലീസ് കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജ് (48) നെ പൊലീസ് അറ്സ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ശെല്‍വരാജിന്‍റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്‍റെ ഏക മകള്‍ ധര്‍ഷിനി (പത്ത് മാസം)യാണ് കൊല്ലപ്പെട്ടത്. തന്‍റെ രണ്ടാം ഭാര്യ പിരിഞ്ഞ് പോയതിന് കാരണം മകനും മരുമകളുമാണെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഭാര്യ പിണങ്ങിപ്പോയതിന് ശേഷം മകന്‍റെ വീട്ടിലെത്തിയ ശെല്‍വരാജ് മരുകളുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയേയും എടുത്ത് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.  
പൊലീസ് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.