ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയെങ്കിലും, സ്വത്തുതർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. നൂഡിൽസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരണമെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. എന്നാൽ സ്വത്തുതർക്കത്തെ തുടർന്നുള്ള കൂട്ടക്കൊലപാതകമാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത് വന്നു. നാഗ്‌ല ശ്രീ പദം ഗ്രാമത്തിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിശ്തി (7), സാക്ഷാത് (3) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തറവാട് സ്ഥലവും വീടും പണവും മഹേഷിൻ്റെ അമ്മ ചന്ദ്രാവതി മൂന്ന് പെൺമക്കൾക്കായി എഴുതിവെച്ചെന്നും ഇതേത്തുടർന്നുള്ള കടുത്ത മനോവിഷമത്തിലായിരുന്നു മഹേഷെന്നും ആരോപിച്ച് മരിച്ച ലളിതയുടെ ബന്ധുക്കൾ രംഗത്തുവന്നു. സ്വത്തുതർക്കത്തെ തുടർന്ന് നടത്തിയ കൊലപാതകമാണെന്ന് ലളിതയുടെ സഹോദരി പൂജ ആരോപിച്ചു. 2009-ൽ യമുന എക്സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയും സ്ഥലങ്ങളും ചന്ദ്രാവതി തന്റെ പെൺമക്കൾക്ക് നൽകിയെന്നും, ആൺമക്കൾക്ക് വിഹിതം നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. 2019-ൽ മഹേഷിന്റെ സഹോദരൻ രാഹുൽ ആത്മഹത്യ ചെയ്തതിനും കാരണം ഇത് തന്നെയെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹങ്ങളിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും വായിൽ നിന്ന് പത വന്നിരുന്നു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയാകാമെന്നാണ് സംശയിച്ചിരുന്നത്. ഫുഡ് സേഫ്റ്റി അധികൃതരുടെ പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ മഹേഷിന്റെ രണ്ട് കുട്ടികൾക്കൊപ്പം സ്കൂളിൽ പോകാൻ വിളിക്കാൻ അയൽവാസിയായ കുട്ടി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അടഞ്ഞുകിടന്ന വീട് തുറക്കാഞ്ഞതിനെ തുടർന്ന് കുട്ടി മതിലിന് മുകളിലൂടെ അകത്തേക്ക് കയറി. ഈ സമയത്ത് അഞ്ച് പേരും അനക്കമില്ലാതെ കിടക്കുകയായിരുന്നു. മഹേഷും ഒരു കുട്ടിയും കട്ടിലിലും ബാക്കി മൂന്ന് പേരും മറ്റൊരു കിടക്കയിൽ തറയിലുമാണ് കിടന്നിരുന്നത്.