Asianet News MalayalamAsianet News Malayalam

Groom Booked : 'കൊറഗജ്ജ' വേഷം കെട്ടി വിവാഹാഘോഷം, മം​ഗളുരുവിൽ വരനും കുടുംബത്തിനുമെതിരെ കേസെടുത്തു

ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ വർഗീയാതിക്രമങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകൾ പൊലീസിൽ പരാതി നൽകിയത്.

Groom booked for hurting religious sentiments in Mangaluru, Karnataka
Author
Mangaluru, First Published Jan 9, 2022, 7:22 PM IST

മംഗളൂരു: വിവാഹ ചടങ്ങിനിടെ മതവികാരം (Religious Sentiments  ) വ്രണപ്പെടുത്തിയെന്ന പരാതിയിൽ വരനും (Groom) വധുവിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ ദക്ഷിണ കന്നഡ പൊലീസ് (Police) കേസെടുത്തു. കാസ‍ർ​ഗോഡ്, മം​ഗളുരു ഭാ​ഗങ്ങളിൽ പ്രചാരത്തിലുള്ള ഹൈന്ദവ ആരാധനാ മൂർത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ച് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനാണ് കേരളത്തിലെ ഉപ്പള സ്വദേശിയായ വരനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരൻ ഉമറുല്ല ബാഷിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ബണ്ട്വാളിലെ കോൽനാട് ഗ്രാമത്തിലെ സാലെത്തൂരിൽ, വധുവിന്റെ വീട്ടിലേക്ക് വരനുമൊത്തുള്ള യാത്രയിൽ ബാഷിത്ത് കൊറഗജ്ജയായി വേഷമിട്ടിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചേ‍ർന്ന് നൃത്തം ചെയ്താണ് ഇയാൾ വധുവിന്റെ വീട്ടിലെത്തിയത്.‌‌‌‌ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇവ‍ർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ വർഗീയാതിക്രമങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകൾ പൊലീസിൽ പരാതി നൽകിയത്.  ഐപിസി സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

സാലത്തൂരിലെ വധുവിന്റെ വീടിന് മുന്നിൽ വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ, പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വിഎച്ച്‌പി ജില്ലാ സെക്രട്ടറി ശിവാനന്ദ് മെൻഡൻ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios