സിഎഎ എന്താണെന്ന് അറിയാതെയാണ് ആളുകൾ എതിർക്കുന്നതെന്നും നിയമത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാൻ താൻ ആഗ്രഹിക്കുന്നതായും മിശ്ര കൂട്ടിച്ചേർത്തു.
ഡെറാഡൂൺ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും വ്യാപകമാകുന്നതിനിടെ സിഎഎ അനുകൂല സന്ദേശവുമായി ഒരു വിവാഹ ക്ഷണക്കത്ത്. ഡെറാഡൂണിലെ മോഹിത് മിശ്ര എന്ന ഇരുപത്തി ആറുകാരനാണ് തന്റെ വിവാഹ ക്ഷണക്കത്തിൽ പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും അനുകൂലിച്ച് കൊണ്ടുള്ള സന്ദേശം ഉൾപ്പെടുത്തിയത്.
"എന്നെ മനസിലാക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഒരു സോൾമേറ്റിനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. വിവാഹ ക്ഷണക്കത്തിൽ അച്ചടിച്ചുകൊണ്ട് സിഎഎയ്ക്കും എൻആർസിയ്ക്കുമുള്ള പിന്തുണ അറിയിക്കാൻ ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചു" -മിശ്ര പറഞ്ഞു. സിഎഎ എന്താണെന്ന് അറിയാതെയാണ് ആളുകൾ എതിർക്കുന്നതെന്നും നിയമത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാൻ താൻ ആഗ്രഹിക്കുന്നതായും മിശ്ര കൂട്ടിച്ചേർത്തു.
ഫെബ്രുവരി മൂന്നാം തീയതിയാണ് സോനം പഥക് എന്ന യുവതിയും മോഹിത് മിശ്രയും തമ്മിലുള്ള വിവാഹം. "ഞങ്ങൾ രണ്ടുപേരും സിഎഎ-എൻആർസിയെയും പിന്തുണയ്ക്കുന്നു. ഈ നിയമവും രജിസ്റ്ററും ഇന്ത്യയിലെ ഒരു പൗരനും എതിരല്ല. രണ്ടും ജനങ്ങളുടെ ദീർഘകാല നന്മക്കുള്ളതാണ്"- സോനം പഥക് പറഞ്ഞു.
