വാരണാസി: വിവാഹത്തിനായി പുറപ്പെട്ടു പക്ഷേ ഒരു രാത്രി മുഴുവന്‍ അന്വേഷിച്ചിട്ടും വധുവിന്‍റെ വീട് കണ്ടെത്താനാകാതെ വരന്‍റെ സംഘം. ദല്ലാള്‍ പറ്റിച്ചതിനേത്തുടര്‍ന്നാണ് വരന്‍റെ സംഘത്തിന് അമളി പറ്റിയത്.  വാരണാസിയിലാണ് സംഭവം. അസംഗഡില്‍ നിന്ന് മാവുലേക്കാണ് വരന്‍റെ സംഘം പുറപ്പെട്ടത്. ഡിസംബര്‍ 10 ന് രാത്രിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വധുവിന്‍റെ വീട് കണ്ടെത്താനാകാതെ സംഘം കുഴങ്ങുകയായിരുന്നു.

കൊടും തണുപ്പത്ത് വധുവിന്‍റെ വീട് കണ്ടെത്താനാകാതെ വലഞ്ഞ വരന്‍റെ സംഘം നിരവധി വീടുകളില്‍ കയറി വധുവിന്‍റെ വീടിനേക്കുറിച്ച് അറിയാന്‍ പറ്റാതെ വന്നതോടെ ക്ഷുഭിതരായി മടങ്ങുകയായിരുന്നു. അസംഗഡിലെ കാന്‍ഷി റാം കോളനിയിലെ കോട്ടിവാലി മേഖലയിലാണ് വരന്‍റെ വീട്. എന്നാല്‍ വരനെ ദല്ലാളായി എത്തിയ സ്ത്രീ വഞ്ചിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

തിരികെ വീട്ടിലെത്തിയ ശേഷം ദല്ലാളായ സ്ത്രീയെ വരന്‍റെ വീട്ടുകാര്‍ കണ്ടെത്തി തടഞ്ഞുവച്ചു. ഇത് കോട്ടിവാലി പൊലീസ് സ്റ്റേഷനില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം കഴിഞ്ഞതായിരുന്നു. വിവാഹത്തിന് പിന്നാലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഈ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

പിന്നീട് യുവതി വരന്‍റെ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഇതോടെയാണ് യുവാവിന് വീട്ടുകാര്‍ വീണ്ടും വിവാഹം ആലോചിച്ചത്. ഇതിനിടെയാണ് ദല്ലാളായ സ്ത്രീ വരന്‍റെ വീട്ടുകാരെ സമീപിച്ചത്. കോട്ടിവാലി പൊലീസിന്‍റെ ഇടപെടലിന് പിന്നാലെയാണ് വരന്‍റെ വീട്ടുകാര്‍ ദല്ലാളിനെ വിടാന്‍ തയ്യാറായത്.