രണ്ടും കല്‍പിച്ചുള്ള ഗ്രൂപ്പ് 23ന്‍റെ നീക്കം പത്ത് ജന്‍പഥിനെ അക്ഷരാക്ഷര്‍ത്ഥത്തില്‍ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി സംസാരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

ദില്ലി: പ്രശ്നപരിഹാരത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രാഹുല്‍ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് ഗ്രൂപ്പ് 23. (rebel leaders against rahul gandhi) തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒളിച്ചോടാനാവില്ലെന്ന് മനീഷ് തിവാരി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യോഗങ്ങളുടെ വികാരം അറിയിക്കാന്‍ ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണും.

രണ്ടും കല്‍പിച്ചുള്ള ഗ്രൂപ്പ് 23ന്‍റെ നീക്കം പത്ത് ജന്‍പഥിനെ അക്ഷരാക്ഷര്‍ത്ഥത്തില്‍ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി സംസാരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചു കഴിഞ്ഞു. പഴയ രീതിയില്‍ ഇനി മുന്‍പോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്. യുദ്ധം സോണിയ ഗാന്ധിക്കെതിരയല്ലെന്ന് വ്യക്തമാക്കുമ്പോള്‍ ഉന്നം രാഹുല്‍ ഗാന്ധി തന്നെയാണ്. 

സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ പൊതുവികാരം. അധ്യക്ഷസ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ കാര്യങ്ങള്‍ ഇപ്പോഴും രാഹുല്‍ നിയന്ത്രിക്കുന്നതില്‍ അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. 

അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം തീരുമാനമെടുത്ത രാഹുല്‍ഗാന്ധിക്കും പരാജയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് മനീഷ് തിവാരി പറഞ്ഞു വയ്ക്കുന്നത്. പഞ്ചാബില്‍ പാര്‍ട്ടിയെ തകര്‍ത്തത് സിദ്ദുവാണ്. സിദ്ദുവിനെ അധികാര സ്ഥാനത്തെത്തിച്ചത് രാഹുലും പ്രിയങ്കയുമാണ്. തിരിച്ചടികളില്‍ ഇരുവര്‍ക്കും കൈകഴുകി മാറി നില്‍ക്കാനാവില്ലെന്നും മനീഷ് തിവാരി പറയുന്നു. മോദിയല്ല നേതൃത്വം തന്നെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന് കൂടി വ്യക്തമാക്കുമ്പോള്‍ നിലപാടില്‍ അണുവിടമാറ്റമില്ലെന്ന് ഗ്രൂപ്പ് 23 അടിവരയിടുകയാണ്.