ഒഡീഷ: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒ‍ഡീഷയല്‍ ആറ് വൃദ്ധരെ ആള്‍ക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഗോപാര്‍പൂര്‍ ഗ്രാമത്തിലെ ആറ് വയോധികരെയാണ് ദുര്‍മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് ആക്രമിച്ചത്. ഇവര്‍ കാരണം ഈ പ്രദേശത്തെ മൂന്ന് സ്ത്രീകള്‍ മരിച്ചുവെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നും ആക്രമികള്‍ ആരോപിച്ചു. 

ചൊവ്വാഴ്ച രാത്രിയോടെ ഇവരെ വീട്ടില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുവന്ന ആള്‍ക്കൂട്ടം പല്ല് അടിച്ചുകൊഴിക്കും മുമ്പ് നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയായിരുന്നു. സഹായത്തിനായി അഭ്യര്‍ത്ഥിച്ച വയോധികരെ രക്ഷിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞയുടന്‍ പൊലീസ് സുപ്രണ്ട് ബ്രിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 

മര്‍ദ്ദനമേറ്റ ആറ് പേരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 29 പേരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 22 പേര്‍ സ്ത്രീകളാണ്. സംഭവവമുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഭയന്ന് ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.