Asianet News MalayalamAsianet News Malayalam

Varun Singh : ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് : മരണത്തെ മുഖാമുഖം കാണുന്നത് ഇത് രണ്ടാം വട്ടം

അത്യന്തം പ്രൊഫഷണലായ സമീപനവും, ധീരതയും പ്രകടമാക്കിയ ഈ സംഭവത്തെ തുടർന്നാണ് സൈന്യം അദ്ദേഹത്തിന് ശൗര്യ ചക്ര നൽകി ആദരിക്കുന്നത്. 

Group captain varun singh had a close brush with death in 2020 october
Author
Coonoor, First Published Dec 9, 2021, 10:35 AM IST

സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത്(Bipin Rawat) അടക്കമുള്ള 13 സൈനിക ഓഫീസർമാർ കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ(Helicopter Crash) നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്(Varun Singh), ഇപ്പോൾ തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. ഡിഫൻസ് സർവീസസ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ ശൗര്യ ചക്ര വരുൺ സിംഗ്, അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. 

ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിംഗ് ഇതാദ്യമായിട്ടല്ല മരണത്തെ മുഖാമുഖം കാണുന്നത്. ഇതിന് മുമ്പ്, 2020 ഒക്ടോബർ 12 ന് ഒരു സിസ്റ്റം ചെക്ക് സോർട്ടിക്കു വേണ്ടി വ്യോമസേനയുടെ ഒരു ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് പറത്തുകയായിരുന്നു അദ്ദേഹം. ആദ്യ റൗണ്ട് പരിശോധനകൾക്കു ശേഷം ആ വിമാനത്തിന് ഗുരുതരമായ യന്ത്രത്തകരാറുകൾ നേരിട്ടതായി സിംഗിന്റെ ശ്രദ്ധയിൽ പെടുന്നു. അന്ന്, ആ തകരാറുകളെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. വിമാനം സഞ്ചരിച്ചുകൊണ്ടിരുന്ന ഉയരം വളരെ പെട്ടെന്ന് കുറയുകയും, അത് ആകാശത്തു മുകളിലേക്കും താഴേക്കും നീങ്ങുകയും ചെയ്യാൻ തുടങ്ങി. പതിനായിരം അടി ഉയരത്തിൽ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ട് അത് തലങ്ങും വിലങ്ങും ഉലയാനും, കടുത്ത പിച്ചിങ് നേരിടാനും തുടങ്ങുന്നു. ഈ അവസരത്തിൽ, സാധാരണ ഗതിക്ക് ഏതൊരു പൈലറ്റും തീരുമാനിക്കുക ആ വിമാനത്തെ ഉപേക്ഷിച്ച്,വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് സ്വന്തം ജീവൻ രക്ഷപ്പെടുത്താനാണ്. 

സ്വന്തം ജീവന് തന്നെ ഭീഷണി നിലനിൽക്കുന്ന ഈ അവസരത്തിലും, അസാമാന്യമായ ധീരത പ്രകടിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്, അദ്ദേഹത്തിന്റെ വിമാനം പറത്തുന്നതിലെ അസാമാന്യ സിദ്ധിയും, അനിതരസാധാരണമായ മനസ്സാന്നിധ്യവും കൊണ്ടുമാത്രം ആ വിമാനം നഷ്ടമാവാതെ അതിനെ സുരക്ഷിതമായി താഴെ ഇറക്കുന്നതിൽ വിജയിക്കുന്നു. അത്യന്തം പ്രൊഫഷണലായ സമീപനവും, ധീരതയും പ്രകടമാക്കിയ ഈ സംഭവത്തെ തുടർന്നാണ് സൈന്യം അദ്ദേഹത്തിന് ശൗര്യ ചക്ര നൽകി ആദരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് സുരക്ഷിതമായി താഴെ എത്തിച്ചു എന്നതുമാത്രമല്ല, താഴെയുള്ള ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ആ വിമാനം ചെന്ന് വീണു കത്തി പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രാണനഷ്ടങ്ങളും വരുൺ സിങിന്റെ ധീരമായ പ്രവൃത്തികൊണ്ടുണ്ടായി എന്നതും അദ്ദേഹത്തിന്റെ ശൗര്യ ചക്ര സൈറ്റേഷനിൽ പറയുന്നുണ്ട്. 

അടുത്ത 48 മണിക്കൂർ നേരം ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിന്റെ ശരീരം എങ്ങനെയാണ് മരുന്നുകളോട് പ്രതികരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അദ്ദേഹം ഈ അപകടത്തെ അതിജീവിക്കാനുള്ള സാധ്യത എന്നാണ് അദ്ദേഹത്തെ പരിചരിക്കുന്ന വിദഗ്ധഡോക്ടർമാരുടെ സംഘം പറയുന്നത്. ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സും അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയും മറ്റും അപകടത്തിന്റെ വിശദാംശങ്ങളിലേക്ക് വിരൽ ചൂണ്ടും എങ്കിലും, ഈ അപകടത്തെ ഗ്രൂപ്പ് ക്യാപ്റ്റൻ  വരുൺ സിംഗ് അതിജീവിച്ചാൽ, അദ്ദേഹം നൽകിയേക്കാവുന്ന വിവരങ്ങൾ മറ്റെന്തിനേക്കാളും നിർണായകമാകും എന്നതുകൊണ്ട്, പൂർണ്ണാരോഗ്യവാനായി അദ്ദേഹം മടങ്ങിവരുന്നതിനെയാണ് ഈ നിമിഷം ഇന്ത്യ ഉറ്റുനോക്കുന്നത്. 

Follow Us:
Download App:
  • android
  • ios