നാളെ യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് മൃതദേഹം കുടുംബാംഗങ്ങളുള്ള ഭോപ്പാലില്‍ മൂന്ന് മണിയോടെ എത്തിക്കും.

ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Coonoor Helicopter Crash) പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ (Group Captain Varun Singh) സംസ്കാരം വെള്ളിയാഴ്ച നടക്കും. മൃതദേഹം നാളെ ഭോപ്പാലിലേക്ക് കൊണ്ടുപോകമെന്ന് വ്യോമസേന അറിയിച്ചു. ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 

രാജ്യത്തിന്‍റെ വേദനയായ കുനൂര്‍ അപടകത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനില ഇന്നലെ രാത്രി മുതല്‍ അതീവ ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിരുന്നെങ്കിലും രക്തസമ്മര്‍ദ്ദത്തില്‍ പെട്ടെന്നുണ്ടായ വ്യത്യാസം സ്ഥിതി മോശമാക്കി. 

വരുണ്‍ സിങ്ങിന്‍റെ പിതാവ് റിട്ടേയര്‍ഡ് കേണൽ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിങ്ങിന്‍റെ സഹോദരന്‍ നാവികസേനയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെല്ലിങ്ടണില്‍ നിന്ന് ബെംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. നാളെ യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് മൃതദേഹം കുടുംബാംഗങ്ങളുള്ള ഭോപ്പാലില്‍ മൂന്ന് മണിയോടെ എത്തിക്കും.

രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വരുൺ സിംഗ്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു. സംയുക്ത സൈനിക മേധാവിയെ സ്വീകരിക്കനാണ് സുലൂര്‍ വ്യോമതാവളത്തില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് എന്നിവര്‍ അനുശോചിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.