തെലങ്കാനയിലെ നാഗർകുണൂൽ, സിദ്ദിപേട് ജില്ലകളിലായി 150-ഓളം തെരുവുനായകളെ കൂടി വിഷം കൊടുത്ത് കൊന്നതോടെ ആകെ കൊല്ലപ്പെട്ടവയുടെ എണ്ണം 1500 ആയി. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് ആരോപിച്ച് മൃഗസ്നേഹി സംഘടനകൾ പോലീസിൽ പരാതി നൽകി

ഹൈദരാബാദ്: തെരുവുനായകളെ വിഷം കൊടുത്ത് കൊല്ലുന്ന നടപടി തെലങ്കാനയിൽ തുടരുന്നു. രണ്ട് ജില്ലകളിലായി 150 നായകളെ കൂടി വിഷം കൊടുത്ത് കൊന്നതോടെ ആകെ കൊല്ലപ്പെട്ട നായകളുടെ എണ്ണം 1500 ആയി ഉയർന്നു. നാഗർകുണൂൽ, സിദ്ദിപേട് ജില്ലകളിലെ നായകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൃഗസ്നേഹി സംഘടനകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

നാഗർകുർനൂളിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 100 ഓളം നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നുവെന്നാണ് സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആറോപിക്കുന്നത്. സംഘടനയുടെ പ്രതിനിധികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് നായകളെ കൊന്നൊടുക്കുന്നതെന്നാണ് പരാതി.

ഇതിന് മുൻപും സംസ്ഥാനത്ത് പലപ്പോഴായി തെരുവുനായ്ക്കളെ കൂട്ടക്കുരുതി ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ, അഭയകേന്ദ്രങ്ങളും ഒരുക്കി തെരുവുനായ്ക്കൾ പൊതുഇടത്ത് അലയുന്നത് അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.