Asianet News MalayalamAsianet News Malayalam

റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം; ട്രെയിനിന് തീയിട്ട് ഉദ്യോഗാര്‍ത്ഥികള്‍

ജനുവരി 14, 15 തിയതികളില്‍ നടന്ന ആദ്യ ഘട്ടത്തിലെ ഓണ്‍ലൈന്‍ പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. 

group of job aspirants set a coach of a train on fire at Gaya railway junction  alleging irregularities in the railway recruitment examination
Author
Gaya, First Published Jan 26, 2022, 9:38 PM IST

റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ (Railway Recruitment Examination) ക്രമക്കേടിനെതിരെ പ്രതിഷേധവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീ വച്ചു. ഈസ്റ്റ് സെന്‍ട്രെല്‍ റെയില്‍വേയ്ക്ക് കീഴിലെ ഗയ (Gaya, Bihar) റെയില്‍വേ ജംഗ്ഷനിലാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നത്. തുടക്കത്തില്‍ കല്ലേറ് തുടങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ പിന്നീട് റെയില്‍വേ കോച്ചിന് തീയിടുകയായിരുന്നു. സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അധിക സേനയെ ഇവിടെയെത്തിയതായി ഗയയിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആദിത്യ കുമാര്‍ പറയുന്നു.

പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടവരില്‍ ചിലരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. മറ്റുള്ളവരുടെ സ്വാധീനത്തില്‍ അകപ്പെട്ട് അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പിന്തിരിയണമെന്നാണ് ബിഹാര്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. പട്ന, ഭോജ്പൂര്‍, നവാഡ, സീതാമര്‍ഹി തുടങ്ങിയ ജില്ലകളില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച പ്രതിഷേധത്തിന് പിന്നാലെയാണ് ഗയയിലെ അക്രമവും. അടുത്തിടെ നടന്ന എന്‍ടിപിസി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്. അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ച റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ റെയില്‍വേയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്യുമെന്നും റെയില്‍വേ വിശദമാക്കിയിരുന്നു.

ഇതിനിടെ റെയില്‍ വേ മന്ത്രാലയം ആരോപണം സംബന്ധിച്ച് ഹൈ പവര്‍ കമ്മിറ്റിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 14, 15 തിയതികളില്‍ നടന്ന ആദ്യ ഘട്ടത്തിലെ ഓണ്‍ലൈന്‍ പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ഫെബ്രുവരി 16 വരെ പരാതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് ബോധിപ്പിക്കാനുള്ള അവസരമുണ്ടെന്ന് വിശദമാക്കിയതിനിടെയാണ് പ്രതിഷേധം വ്യാപക അക്രമത്തിലേക്ക് തിരിഞ്ഞിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios