Asianet News MalayalamAsianet News Malayalam

ഗുജറാത്ത് അങ്കം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

2021 ലാണ് ഇസുദാൻ ഗദ്‌വി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുകൊണ്ടുവന്ന് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു ഇസുദാൻ ഗദ്‌വി.

Gujarat assembly election Arvind Kejriwal names Isudan Gadhvi as CM candidate
Author
First Published Nov 4, 2022, 3:03 PM IST

ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി  മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്‌വി.

സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ചടങ്ങിനെത്തിയിരുന്നു. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗാഥവി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടി വി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയ ജീവിതത്തിലും തുടരുക എന്ന് ഇസുദാൻ ഗാഥവി പറഞ്ഞു.

ഗുജറാത്തില്‍ എക്കാലവും 40 ശതമാനം വോട്ടെങ്കിലും കിട്ടുന്ന കോൺഗ്രസിന് ആപ്പിന്‍റെ വരവ് ക്ഷീണമാവുമെന്നാണ് പ്രവചനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കും പട്ടേൽ സമുദായം അകന്നതും  ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയാവും. 2002 ൽ നേടിയ 127 സീറ്റാണ് ബിജെപിക്ക് സംസ്ഥാനത്ത് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. അത് മറികടക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷയും സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. 

Also Read: ഹിമാചൽ അങ്കത്തിന് എട്ട് നാൾ; കേന്ദ്ര നേതാക്കളുടെ നീണ്ട നിരയുമായി ബിജെപി, വെല്ലുവിളികൾ മറികടക്കാൻ കോൺഗ്രസ്

ആകാംക്ഷകൾക്ക് ഒടുവിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51,782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios