അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി രാജ്യസഭാ എംപി അഭയ് ഭരദ്വജ് (66) അന്തരിച്ചു. ഗുജറാത്തില്‍ നിന്നുള്ള  എംപിയാണ് അഭയ് ഭരദ്വജ്. ചെന്നൈയില്‍ എംജിഎം ആശുപത്രിയില്‍ വച്ചാണ് അഭയ് ഭരദ്വാജ് മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ട്ടി യോഗങ്ങളിലും രാജ്‌കോട്ടിലെ റോഡ്‌ഷോയിലും പങ്കെടുത്ത ശേഷമാണ് അഭയ് ഭരദ്വജിന്  കൊവിഡ് സ്ഥിരീകരിച്ചത്. 

ഓഗസ്റ്റ്  1 ന് അഭയ് ഭരദ്വജിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. അന്നുമുതല്‍ ഭരദ്വജ് കോവിഡ് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  അഭയ് ഭരദ്വജിന്റെ മരണത്തില്‍പ്രധാനമന്ത്രി നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.