Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ക്ക് മരുന്ന് കിട്ടാനില്ല; ഗുജറാത്തിലെ ബിജെപിയുടെ മരുന്ന് വിതരണം വിവാദത്തില്‍

മരുന്നിന് ക്ഷാമം നേരിട്ടതോടെ പ്രിസ്ക്രിപ്ഷനില്ലാതെ ലഭിക്കാത്ത മരുന്നാണ് സി ആര്‍ പാട്ടീല്‍ അന്യായമായി ശേഖരിച്ചതെന്നാണ് ആരോപണം. കൊവിഡ് അതിരൂക്ഷമായി വലച്ച സൂറത്തിലും പരിസരങ്ങളും നിരവധി രോഗികള്‍ മരുന്നിനായി നിരവധി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് ഇത്. 

Gujarat  BJP unit chief C R Paatil lands in controversy by distributing remdesivir medicine free of cost
Author
Surat, First Published Apr 13, 2021, 10:39 PM IST

സൂറത്ത്:ഗുജറാത്തില്‍ കൊവിഡ് കുതിച്ചുയരുകയും നിരവധി രോഗികള്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ 
ബിജെപി നേതാവ് റെംഡെസിവിര്‍ മരുന്ന് സൗജന്യമായി വിതരണം ചെയ്തുവെന്ന് ആരോപണം. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ റെംഡെസിവിറിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിടുന്നതിനിടയിലാണ് ബിജെപിയുടെ ഗുജറാത്ത് യൂണിറ്റ് അധ്യക്ഷനായ സി ആറ്‍ പാട്ടീല്‍ റെംഡെസിവിര്‍ സൗജന്യമായി വിതരണം ചെയ്തതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരുന്നിന് ക്ഷാമം നേരിട്ടതോടെ പ്രിസ്ക്രിപ്ഷനില്ലാതെ ലഭിക്കാത്ത മരുന്നാണ് സി ആര്‍ പാട്ടീല്‍ അന്യായമായി ശേഖരിച്ചതെന്നാണ് ആരോപണം. കൊവിഡ് അതിരൂക്ഷമായി വലച്ച സൂറത്തിലും പരിസരങ്ങളും നിരവധി രോഗികള്‍ മരുന്നിനായി നിരവധി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് ഇത്. നവസാരിയിലുള്ള ബിജെപി ഓഫീസില്‍ വച്ചാണ് മരുന്ന് വിതരണം ചെയ്തതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തിലെ ബിജെപി മീഡിയ കണ്‍വീനറായ യഗ്നേഷ് ഇത് സംബന്ധിച്ച് വീഡിയോ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

സൂറത്തില്‍ ബിജെപി റെംഡെസിവിര്‍ മരുന്ന് സൗജന്യമായി നല്‍കുന്നു. പ്രാദേശിക നേതൃത്വത്തിന്‍റെ സഹകരണത്തോടെയാണ് ഇത്. സി ആര്‍ പാട്ടീലിന്‍റെ നിര്‍ദ്ദേശാനുസരണം പ്രാദേശിക വിതരണക്കാര്‍ മരുന്നുകള്‍ എത്തിക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്നും ഗുജറാത്തിന് പുറത്ത് നിന്നും കിട്ടാവുന്ന അത്രയും മരുന്ന് ശേഖരിച്ച് എത്തിച്ചിട്ടുണ്ട്. ആവ്യമുള്ളവരുടെ ജീവന്‍ രക്ഷിക്കാനാണ് നീക്കമെന്നും യഗ്നേഷ് വീഡിയോ പ്രസ്താവനയില്‍ വിശദമാക്കിയതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്.

എന്നാല്‍ വ്യക്തികള്‍ക്ക് ഈ മരുന്ന് വിതരണം ചെയ്യാനുള്ള അംഗീകാരമില്ലെന്നാണ് ദില്ലിയില്‍ നിന്ന് സര്‍ക്കാര്‍ ജിവനക്കാര്‍ പ്രതികരിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വലിയ അളവില്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ക്കും അനുവാദമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫാര്‍മസികളില്‍ ശേഖരിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയുടെ പുറത്ത് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കിയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില  റെംഡെസിവിര്‍  മരുന്ന് ഇവരുടെ ഫാര്‍മസിയില്‍ നിന്ന് ഏപ്രില്‍ 5 മുതല്‍ സബ്സിഡി നിരക്കില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 12 വരെ ഇത്തരത്തില്‍ നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ വെള്ളിയാഴ്ച രാത്രി മരുന്ന് സ്റ്റോക്ക് തീരുകയായിരുന്നു.

ഇതേസമയത്താണ് പാട്ടീല്‍ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതായി പ്രഖ്യാപിച്ചത്. സൈഡസ് കാഡിലയില്‍ നിന്ന് 5000 റെംഡെസിവിര്‍ ശേഖരിച്ചതായാണ് പാട്ടീല്‍ വിശദമാക്കിയതെന്നും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടറുടെ നമ്പറും ട്രീറ്റ്മെന്‍റ് ഫയലും അംഗീകരിച്ച രേഖകളും നല്‍കിയാല്‍ ബിജെപി ഓഫീസില്‍ നിന്ന് സൗജന്യമായി മരുന്ന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എങ്ങനെയാണ് മരുന്ന് സംഘടിപ്പിച്ചതെന്ന് പാട്ടീലിനോട് ചോദിക്കുന്നതാണ് ഉചിതമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ശനിയാഴ്ച പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios