Asianet News MalayalamAsianet News Malayalam

സൗരാഷ്ട്ര പിടിക്കാൻ ആപ്പ്; ഗുജറാത്ത് നേതാക്കളെ ദില്ലിക്ക് വിളിച്ച് ബിജെപി; ജോഡോ യാത്ര കോൺഗ്രസിന് മുഖ്യം

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേശ് ചന്ദ്രശേഖർ ഉയർത്തിവിട്ട വിവാദം ക്ഷീണമാണെങ്കിലും അതൊന്നും ചർച്ചയാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ട്

Gujarat Election 2022 AAP BJP fight tightened congress still in Jodo Yathra
Author
First Published Nov 8, 2022, 1:42 PM IST

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ സൗരാഷ്ട്ര മേഖലയിൽ കേന്ദ്രീകരിച്ചാണ് ആംആ‍ദ്മി പാർട്ടിയുടെ പ്രചാരണം. മേഖലയിൽ തുടർച്ചയായ മൂന്നാം ദിവസവും അരവിന്ദ് കെജരിവാൾ റോഡ് ഷോ നടത്തി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ വന്നേക്കും.

സൗരാഷ്ട്രയിൽ കണ്ണ് വച്ച് പ്രചാരണം കൈ മെയ് മറന്നുള്ള പ്രചാരണത്തിലാണ് അരവിന്ദ് കെജരിവാൾ. ജുനാഗദ്ദിലാണ് ഇന്നത്തെ റോഡ് ഷോ തുടങ്ങിയത്. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേശ് ചന്ദ്രശേഖർ ഉയർത്തിവിട്ട വിവാദം ക്ഷീണമാണെങ്കിലും അതൊന്നും ചർച്ചയാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ട്. പട്ടേൽ ഭൂരിപക്ഷ മേഖലയിൽ കഴിഞ്ഞ തവണ കോൺഗ്രസ് മേൽക്കൈ നേടിയത് ഈ വിഭാഗത്തിന്‍റെ പിന്തുണ കൊണ്ടായിരുന്നു. ഇത്തവണ അവരുടെ പിന്തുണ ആപ്പിനെന്നാണ് കണക്ക് കൂട്ടൽ.

പട്ടേൽ സമുദായ സമര നേതാക്കളായ അൽപേഷ് കത്തരിയ, ധർമിക് മാൽവിയ എന്നിവർ ആപ്പിനൊപ്പമാണ്. അവർക്ക് സീറ്റും നൽകി. സൗരാഷ്ട്രക്കാരായ ഇവർക്ക് സൂറത്തിലാണ് സീറ്റ് നൽകിയത്. സൗരാഷ്ട്രയിലെ പട്ടേൽ വോട്ടും സൂറത്തിൽ സമീപകാലത്ത് പാർട്ടിക്കുണ്ടായ വളർച്ചയുടെ ഫലവുമാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. ദ്വാരകയിൽ നിന്നുള്ള ഇസുദാൻ ഗഡ്‍‌വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോഴും ആപ്പ് ലക്ഷ്യമിടുന്നത് സൗരാഷ്ട്ര കൂടിയാണ്.

അതേസമയം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ വന്നേക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആംആദ്മിയും ബിജെപിയുമായിയി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് പ്രചാരണത്തിൽ ഇപ്പോഴും പുറകിലാണ്. ദേശീയ നേതാക്കളെല്ലാം ജോഡോ യാത്രയുടെ തിരക്കിലായതാണ് കാരണം. എന്നാൽ അടിത്തട്ടിൽ പ്രവർത്തനം ശക്തമാണെന്നാണ് പാർട്ടി വിശദീകരണം. 

Follow Us:
Download App:
  • android
  • ios