അഹമ്മദാബാദ്: വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ഗുജറാത്തിലെ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ, നിയമമന്ത്രിയായ ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയമാണ് ഹൈക്കോടതി റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അശ്വിന്‍ റാത്തോഡിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പരേഷ് ഉപാധ്യായയാണ് വിധി പുറപ്പെടുവിച്ചത്. 327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധോല്‍ക്ക മണ്ഡലത്തില്‍ നിന്ന്‌ ഭുപേന്ദ്ര സിംഗ് നിയമസഭയിലെത്തിയത്.

തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ച ഭുപേന്ദ്ര, നിരവധി അഴിമതികളിലും പങ്കുള്ളയാളാണെന്ന് പരാതിക്കാരന്‍ ഉന്നയിച്ചു. വോട്ടെണ്ണല്‍ സമയത്ത് ഇയാള്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. 327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന്‍ റാത്തോഡിനെ ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്.  ഭൂപേന്ദ്രസിംഗിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സംസ്ഥാനത്തെ ബിജെപിക്കും സര്‍ക്കാറിനും തിരിച്ചടിയായി.