ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബി.ജെ.പിക്ക് മുന്നേറ്റം. അഹമ്മദാബാദ്, വൽസാദ്, വാപി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബി.ജെ.പി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്.

ഗാന്ധിനഗർ: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 15 മുൻസിപ്പൽ കോർപ്പറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, 200-ലധികം ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഏപ്രിൽ 26-നായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 48.55 ശതമാനവും, മുൻസിപ്പാലിറ്റികളിൽ 58 ശതമാനവും, ജില്ലാ-താലൂക്ക് പഞ്ചായത്തുകളിൽ ഏകദേശം 60-61 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ പ്രകാരം സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അഹമ്മദാബാദ്, വൽസാദ്, വാപി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബി.ജെ.പി വ്യക്തമായ ലീഡ് നിലനിർത്തുന്നതായാണ് വിവരം. ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്. 700-ലധികം സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഗുജറാത്തിലെ വോട്ടറായ പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റൽ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ നരാൻപുരയിൽ നേരിട്ടെത്തി വോട്ട് ചെയ്തിരുന്നു. കടുത്ത ഉഷ്ണതരംഗത്തിനിടയിലും വലിയ ആവേശത്തോടെയാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.