ദില്ലി: പുതിയ പാര്‍ലമെന്‍റ്  മന്ദിരം നിര്‍മാണത്തിനും രാജ്പഥ് നവീകരണത്തിനുള്ള രൂപരേഖ-നിര്‍മാണ കരാര്‍ ഗുജറാത്തിലെ സ്വകാര്യ കമ്പനിക്ക്. എച്ച്എസ്‍പി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്‍റ് പ്രൈവറ്റ്  ലിമിറ്റഡ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ദില്ലിയില്‍ പുതിയതായി നിര്‍മിച്ച ബിജെപിയുടെ കൂറ്റന്‍ ആസ്ഥാന മന്ദിരവും ഡിസൈന്‍ ചെയ്തത് ഇതേ കമ്പനിയാണ്. ഗുജറാത്തിലെ സബര്‍മതി റിവര്‍ഫ്രണ്ട് ഡെവലപ്മെന്‍റ് പ്രൊജക്ടും ഇവര്‍ക്കാണ് നല്‍കിയത്. 

പാര്‍ലമെന്‍റ്, രാജ്പഥ് നവീകരണത്തിനായി 15 ആര്‍കിടെക്ടുമാരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 24 പ്രൊപ്പോസലുകള്‍ സര്‍ക്കാറിന് ലഭിച്ചു. ഇതില്‍നിന്ന് തെരഞ്ഞെടുത്ത ആറ് കമ്പനികളാണ് സര്‍ക്കാറിന്‍റെ പട്ടികയില്‍ ഉണ്ടായിരുന്നത്. എച്ച്എസ്‍പി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്‍റ് പ്രൈവറ്റ്  ലിമിറ്റഡ് കമ്പനിക്ക് പുറമെ, ഐഎന്‍ഐ ഡിസൈന്‍ സ്റ്റുഡിയോ അഹമ്മദാബാദ്, മുംബൈ കേന്ദ്രമായ ഹഫീസ് കോണ്‍ട്രാക്ടര്‍, ദില്ലി കേന്ദ്രമായ സിപി കുക്രേജ ആര്‍ക്കിടെക്ട്സ് എന്നീ കമ്പനികളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്.

നവീകരണത്തിനുള്ള മുഴുവന്‍ രൂപരേഖയും എച്ച്സിപി തയ്യാറാക്കുമെന്ന് നഗരകാര്യ മന്ത്രി ഹര്‍ദീപ് പുരി മാധ്യമങ്ങളോട് പറഞ്ഞു. ഈ രംഗവുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരുമായി കൂടിച്ചേര്‍ന്നാണ് ഈ കമ്പനിക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനമായതെന്നും അദ്ദേഹം വ്യക്തമാക്കി. 2022ലാണ് പാര്‍ലമെന്‍റും രാജ്പഥും പുനര്‍നവീകരിക്കുന്നത്. 2024ലോടുകൂടി നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ പുതുതായി നിര്‍മിച്ച കോംപ്ലക്സിലേക്ക് മാറ്റും.

നാല് കിലോമീറ്റര്‍ നീളം വരുന്ന രാജ്പഥ് പൂര്‍ണമായി പുനര്‍നവീകരിച്ചേക്കും. നിലവിലെ ഘടനതന്നെ മാറ്റുമെന്നും സൂചനയുണ്ട്. 2024 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നീക്കം. രാജ്പഥ്, പാര്‍ലമെന്‍റ് കെട്ടിടം, രാഷ്ട്രപതി ഭവന്‍ എന്നിവ 1911-1931 കാലഘട്ടത്തിനുള്ളില്‍ ആര്‍ക്കിടെക്ടുമാരായ എഡ്വിന്‍ ലൂട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് രൂപകല്‍പന ചെയ്തത്.