കവി പാരുള്‍ ഖഖറാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ വിമര്‍ശിച്ചും കവിതയെഴുതിയത്. കവിതക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡ്യ രംഗത്തെത്തി. 

അഹമ്മദാബാദ്: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രിക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്റെ രൂക്ഷ വിമര്‍ശനം. കവി പാരുള്‍ ഖഖറാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ വിമര്‍ശിച്ചും കവിതയെഴുതിയത്. കവിതക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡ്യ രംഗത്തെത്തി.

ലിബറല്‍ലുകളും കമ്മ്യൂണിസ്റ്റുകളും സാഹിത്യ നക്‌സലുകളും രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെയാണ് കവിത ഉന്നംവെക്കുന്നതെന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരുള്‍ ഖഖറിന് പിന്തുണയുമായി എഴുത്തുകാര്‍ രംഗത്തെത്തി. എഴുത്തുകാരന്‍ മനീഷി ജാനിയുടെ നേതൃത്വത്തില്‍ 100 സാഹിത്യകാരന്മാര്‍ കവി പാരുള്‍ ഖഖറിന് പിന്തുണ നല്‍കി. എന്നാല്‍ പാരുള്‍ ഖഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ശബ് വാഹിനി ഗംഗ എന്ന പേരിലാണ് പാരുള്‍ കവിതയെഴുതിയത്. കവിതയില്‍ കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കവിത വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് വിഷ്ണു പാണ്ഡ്യ വിമര്‍ശനമുന്നയിച്ചത്. കൊവിഡ് രൂക്ഷമായ സമയത്ത് ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona