അഹമ്മദാബാദ്:  ഭരണഘടനയുടെ കരട് തയ്യാറാക്കിയതിന്റെ ബഹുമതി ഡോ. ബി ആർ അംബേദ്കർ ബ്രാഹ്മണനായിരുന്ന ബി എൻ റാവുവിന് നൽകിയിരുന്നതായി ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി. 'മെ​ഗാ ബ്രാഹ്മിൻ ബിസിനസ് സമ്മിറ്റ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ത്രിവേദി ഇപ്രകാരം പറഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജി ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ നൊബേൽ ജേതാക്കളിൽ എട്ട് പേരും ബ്രാഹ്മണരാണെന്നായിരുന്നു ത്രിവേദിയുടെ അവകാശ വാദം. 

''60 രാജ്യങ്ങളുടെ ഭരണഘടന പഠനവിധേയമാക്കിയതിന് ശേഷമാണ്  ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് എന്ന കാര്യം നിങ്ങൾക്കറിയാമോ? ഡോ. ബി. ആർ. അംബേദ്കറിന് ഭരണഘടനയുടെ കരട് നൽകിയത് ആരാണെന്ന് അറിയാമോ? ‌ഭരണഘടനയിൽ അംബേദ്കറിന്റെ പേര് ഏറ്റവും ബഹുമാനത്തോടെയാണ് എല്ലാവരും പരാമർശിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ (അംബേദ്കറിന്റെ) വാക്കുകളിൽ കരട് രൂപം തയ്യാറാക്കിയത് ബ്രാഹ്മണനായ, ബി എൻ റാവു എന്ന ബെന​ഗൽ നർസിം​ഗ് റാവു ആണ്.'' രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ത്രിവേദിയുടെ ഈ പ്രസ്താവന.

Read More: മോദിയും അംബേദ്കറും ബ്രാഹ്മണര്‍, ശ്രീകൃഷ്ണന്‍ ഒബിസി- ഗുജറാത്ത് സ്പീക്കറുടെ പ്രസംഗം

''എല്ലാവർക്കും പിന്തുണ നൽകി പ്രോത്സാഹിപ്പിക്കാൻ ബ്രാഹ്മണർ മുൻപന്തിയിലായിരുന്നു എന്ന് ചരിത്രം പറയുന്നു. അംബേദ്കറെ മുന്നോട്ട് നയിച്ചത് ബിഎൻ റാവു ആണ്. അംബേദ്കറെ ഓർത്ത് അഭിമാനിക്കുന്നു. കാരണം 1949 നവംബർ 25 ന് ചേർന്ന ഭരണഘടനാ സഭയിൽ ഇക്കാര്യം അദ്ദേഹം അം​ഗീകരിച്ചിരുന്നു.'' ത്രിവേദി വ്യക്തമാക്കി.

തനിക്ക് നൽകിയ അം​ഗീകാരം യഥാർത്ഥത്തിൽ ബി.എൻ റാവുവിന് ലഭിക്കേണ്ടതാണെന്ന അംബേദ്കറിന്റെ വാക്കുകളെ ഉദ്ധരിച്ച്,  അദ്ദേഹം പറഞ്ഞതായി ത്രിവേദി കൂട്ടിച്ചേർത്തു. അടുത്തിടെ നൊബേൽ ലഭിച്ച അഭിജിത് ബാനർജിയും ബ്രാഹ്മണനാണ് എന്നായിരുന്നു ത്രിവേദിയുടെ വാക്കുകൾ. കൂടാതെ കഴിഞ്ഞ മാസം ദില്ലിയിലുണ്ടായ തീപിടുത്തത്തിൽ 11 പേരെ രക്ഷപ്പെടുത്തിയ രാജേഷ് ശുക്ല എന്ന ഫയർമാനെക്കുറിച്ചും ത്രിവേദി പരാമർശിച്ചു.