ലഖ്പത് നിവാസിയായ ഗോഹിൽ, കച്ചിലെ ബിഎസ്എഫിന്റെയും നാവിക സൗകര്യങ്ങളുടെയും ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്ആപ്പ് വഴി പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചെന്ന് എസ്പി (എടിഎസ്) കെ സിദ്ധാർത്ഥ് പറഞ്ഞു.

അഹമ്മദാബാദ്: ബിഎസ്എഫിനെയും ഇന്ത്യൻ നാവികസേനയെയും കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചതിന് ​ഗുജറാത്ത് കച്ചിൽ നിന്നുള്ള കരാർ ആരോഗ്യ പ്രവർത്തകനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തതായി എടിഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ലഖ്പത് താലൂക്കിലെ സഹ്ദേവ്‌സിങ് ഗോഹിൽ (28) ആണ് അറസ്റ്റിലായത്. നിർമാണത്തിലിരിക്കുന്ന സൈനിക സ്ഥാപനങ്ങളെയും നിലവിലുള്ള സൈനിക സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ അദിതി ഭരദ്വാജ് എന്ന പാകിസ്ഥാൻ ഏജന്റ് ഗോഹിലിനെ വശീകരിച്ചുവെന്ന് എടിഎസ് പറയുന്നു.

ലഖ്പത് നിവാസിയായ ഗോഹിൽ, കച്ചിലെ ബിഎസ്എഫിന്റെയും നാവിക സൗകര്യങ്ങളുടെയും ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്ആപ്പ് വഴി പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചെന്ന് എസ്പി (എടിഎസ്) കെ സിദ്ധാർത്ഥ് പറഞ്ഞു. മാതാ നോ മധ് ഗ്രാമത്തിലെ സർക്കാർ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്തിരുന്ന ഗോഹിലിനെ 2023 ജൂണിൽ വാട്ട്‌സ്ആപ്പ് വഴിയാണ് പാകിസ്ഥാൻ ഏജന്റ് ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീട് അതിഥി എന്ന പേരിൽ അദ്ദേഹവുമായി സൗഹൃദത്തിലായതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം നേടിയ ശേഷം, ഏജന്റ് ഓഫീസുകളുടെയും ബിഎസ്എഫിന്റെയും നാവികസേനയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഗോഹിൽ ഈ രഹസ്യ വിവരങ്ങൾ ചാരനുമായി പങ്കുവെച്ചുവെന്നും എസ്പി പറഞ്ഞു.

2025 ജനുവരിയിൽ, ഗോഹിൽ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങുകയും പാകിസ്ഥാൻ ഏജന്റുമായി ഒടിപി പങ്കിടുകയും ചെയ്തു. പിന്നീട് പാകിസ്ഥാനിലിരുന്ന് ഇന്ത്യൻ നമ്പറിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ അവരെ സഹായിച്ചു. ചോദ്യം ചെയ്യുന്നതിനായി ​ഗോഹിലിനെ എടിഎസ് ഓഫീസിലേക്ക് കൊണ്ടുവന്നുവെന്നും ഫോൺ ഫോറൻസിക് വിശകലനത്തിനായി അയച്ചുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

ഗോഹിൽ വിവരങ്ങൾ പങ്കുവെച്ചിരുന്ന രണ്ട് നമ്പറുകളും നിലവിൽ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കി. വിവരങ്ങൾ നൽകിയതിന് അജ്ഞാത വ്യക്തിയിൽ നിന്ന് ​ഗോഹിലിന് 40,000 രൂപ പണമായി ലഭിച്ചിരുന്നുവെന്നും എസ്പി പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 61 (ക്രിമിനൽ ഗൂഢാലോചന), 148 എന്നീ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനും പാകിസ്ഥാൻ ഏജന്റിനുമെതിരെ എടിഎസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.