അഹമ്മദാബാദ്: കേരളത്തിന് സമാനമായ അവസ്ഥയാണ് ഗുജറാത്തിലും. പലയിടത്തും പെരുമഴയാണ് പെയ്യുന്നത്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കുത്തിയൊഴുകുന്ന പ്രളയജലത്തില്‍ രണ്ട് കുട്ടികളെയുമെടുത്ത് ഒന്നരകിലോമീറ്റര്‍ നടന്ന് സുരക്ഷിത സ്ഥലത്തെത്തിച്ച ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വീഡിയോ രാജ്യമാകെ പ്രചരിക്കുകയാണ്.

അഹമദാബാദിന് സമീപത്തെ മോര്‍ബി ജില്ലയിലാണ് പൊലീസുകാരന്‍റെ സാഹസിക രക്ഷാപ്രവര്‍ത്തനം. പൃഥിരാജ് സിംഗ് ജദേജ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് കുട്ടികളെ രക്ഷിച്ചത്. കോണ്‍സ്റ്റബിളിന്‍റെ ധീര പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവര്‍ രംഗത്തെത്തി. ദൂരദര്‍ശന്‍, പ്രസാര്‍ഭാരതി ഡയറക്ടര്‍ സുപ്രിയാ സാഹു വീഡിയോ ട്വീറ്റ് ചെയ്തു.

പൃഥിരാജ് സിംഗ് ജദേജയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 11 പേരാണ് ഗുജറാത്തില്‍ മഴക്കെടുതിയില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് മാത്രം 6000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.