ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു സൈനികനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. 

പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവിടെ ഒരു വീട്ടിൽ നിന്ന് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു തീവ്രവാദികളുടെ വെടിവയ്പ്. 

സൈന്യം തിരിച്ചടിച്ചു. രണ്ട് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ഏതാണ്ട് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും സൈന്യം വധിച്ചത്.