Asianet News MalayalamAsianet News Malayalam

'അവനെ തൂക്കിക്കൊല്ലണം, ജീവിക്കാൻ അർഹതയില്ല': ഉജ്ജയിൻ ബലാത്സംഗ കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവറുടെ അച്ഛൻ

ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ 12കാരി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു

Hang my son I would have shot him Father of Ujjain rape accused SSM
Author
First Published Sep 30, 2023, 8:34 AM IST

ഇന്‍ഡോര്‍: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്. ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ 12കാരി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

"ഇങ്ങനെയുള്ള ഒരാൾക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാൻ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാൽ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്‍റെ മകനായാലും ശരി, മറ്റാരായാലും ശരി. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. സംഭവം നടന്ന ശേഷവും അവന്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ അവൻ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ മകനെ വെടിവെച്ചേനെ"- അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു.

"ചൊവ്വാഴ്‌ച പോലും ഉജ്ജയിന്‍ സംഭവം എത്ര ഭീകരമാണെന്ന് ഞങ്ങള്‍ വീട്ടില്‍ സംസാരിച്ചിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് അവന്‍ ചോദിച്ചു. അതിനുശേഷം പതിവുപോലെ ജോലിക്ക് പോയി. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. അവനെ പൊലീസ് പിടികൂടിയതിന് ശേഷമാണ് എന്റെ മകനാണ് പ്രതിയെന്ന് ഞങ്ങൾക്ക് മനസ്സിലായത്"- രാജു സോണി പറഞ്ഞു.

ഭരതിന്‍റെ ഓട്ടോയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. പോക്‌സോ കോടതി ഭരതിനെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടെന്ന് മഹാകാൽ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അജയ് വർമ ​​പറഞ്ഞു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വീണ് പരിക്കേറ്റെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ അഭിഭാഷകരാരും പ്രതിക്കായി കോടതിയിൽ വാദിക്കില്ലെന്ന് ഉജ്ജയിൻ ബാർ അസോസിയേഷൻ അറിയിച്ചു. 

രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് ഉടുവസ്ത്രമില്ലാതെ  തെരുവിലൂടെ അലഞ്ഞ പെണ്‍കുട്ടിക്ക് ആശ്രമത്തിലെ  പുരോഹിതനാണ് വസ്ത്രം നല്‍കിയത്. അദ്ദേഹം പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സത്‌ന സ്വദേശിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.  ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

'അവളാകെ പേടിച്ച അവസ്ഥയിലായിരുന്നു, ഞാനെന്‍റെ വസ്ത്രം നല്‍കി, ശേഷം 100ല്‍ വിളിച്ചു': 12കാരിയെ രക്ഷിച്ച പൂജാരി

Follow Us:
Download App:
  • android
  • ios