Asianet News MalayalamAsianet News Malayalam

'ചരിത്രം വളച്ചൊടിച്ചു'; 'ഹർ ഹർ മഹാദേവി'ന്‍റെ ഷോ മുടക്കി; എൻസിപി എംഎൽഎയെ അറസ്റ്റ് ചെയ്ത് പൊലീസ്

ജിതേന്ദ്ര അവാഡും അനുയായികളും താനെയിലെ മൾട്ടിപ്ലക്‌സിൽ അതിക്രമിച്ച് കയറി തിങ്കളാഴ്ച രാത്രിയാണ് ഹർ ഹർ മഹാദേവ് ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞത്. സിനിമ പ്രദര്‍ശനം മുടങ്ങിയതോടെ കാണികൾ റീഫണ്ട് ആവശ്യപ്പെട്ടു.

Har Har Mahadev movie disrupted case NCP leader Jitendra Awhad arrested
Author
First Published Nov 11, 2022, 4:23 PM IST

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി എംഎൽഎ ജിതേന്ദ്ര അവാഡിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർ ഹർ മഹാദേവ് എന്ന മറാത്തി ചിത്രത്തിനെതിരായി പ്രതിഷേധിച്ച എംഎൽഎ പാർട്ടി പ്രവർത്തകർക്കൊപ്പം സിനിമ തിയേറ്ററിൽ കയറി പ്രദർശനം തടഞ്ഞിരുന്നു. കാണികളിൽ ചിലരെ മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് മുൻമന്ത്രിയെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രം ഛത്രപതി ശിവജിയുടെ ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗപ്പെടുത്തുകയാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്.

ജിതേന്ദ്ര അവാഡും അനുയായികളും താനെയിലെ മൾട്ടിപ്ലക്‌സിൽ അതിക്രമിച്ച് കയറി തിങ്കളാഴ്ച രാത്രിയാണ് ഹർ ഹർ മഹാദേവ് ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞത്. സിനിമ പ്രദര്‍ശനം മുടങ്ങിയതോടെ കാണികൾ റീഫണ്ട് ആവശ്യപ്പെട്ടു. ഇതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ അവാഡും അനുയായികളും ചിലരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ ഷോ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരൽ അടക്കം ചുമത്തി ഒരു പ്രേക്ഷകന്‍റെ പരാതിപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. നേരത്തെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഹർ ഹർ മഹാദേവ് സിനിമ  കണ്ടതിന് സിനിമാപ്രേമികളെ മർദിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

ജനാധിപത്യപരമായി എതിർപ്പ് രേഖപ്പെടുത്താൻ ജനങ്ങൾക്ക് അനുവാദമുണ്ട്. ഞാൻ സിനിമ കണ്ടിട്ടില്ല, വിവാദത്തെക്കുറിച്ച് അറിയില്ലെന്നും അ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിൽ ചിത്രം വലിയ വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ മറാത്തി ചിത്രമായ ഹർഹർ മഹാദേവിന്റെ ടീസറിന് ശബ്‍ദം നൽകിയിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം. അഭിജിത്ത് ദേശ്പാണ്ഡെയാണ് മറാത്തി ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios