ദില്ലി: ദില്ലി നഗരത്തില്‍ മിക്കവര്‍ക്കും മനഃപാഠമായ ആംബുലന്‍സ് മൊബൈല്‍ നമ്പർ ഏതെങ്കിലും ആശുപത്രിയുടേതല്ല. മറിച്ച് ഹര്‍ജീന്ദര്‍ സിം​​ഗ് എന്ന 76 കാരന്‍റെ ഓട്ടോ റിക്ഷയുടേതാണ്. കഴിഞ്ഞ 55 വര്‍ഷമായി ദില്ലിയിൽ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെ ആശുപത്രിയിലെത്തിച്ച് വിസ്മയം തീര്‍ക്കുകയാണ് ഹര്‍ജീന്ദർ സിംഗിന്‍റെ ഓട്ടോ ആംബുലന്‍സ്. 

വലിയ ആശുപത്രികളുടെ പത്രാസും സൗകര്യവും ഒന്നുമില്ലെങ്കിലും തന്റെ 21ാം വയസ്സിൽ നഗരത്തിൽ ഹർജീന്ദർ ഒട്ടോറിക്ഷ ഒടിച്ചു തുടങ്ങിക്കാലം മുതൽ നൂറു കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നതാണ് സന്തോഷം. അവരുടെ കുടുംബത്തിന്റെ സന്തോഷം തന്റെ കുടുംബത്തിന്റെ സന്തോഷം കൂടിയാണെന്നാണ് ഹര്‍ജീന്ദര്‍ സിം​ഗ് പറയുന്നത്.

8750697110 ദില്ലി നഗരമറിയുന്ന ഏതൊരു സാധാരണക്കാരനും ഒരു അപകടം മുന്നിൽ കണ്ടാൽ ആദ്യം മനസ്സിൽ വരുന്നത് ഹര്‍ജീന്ദറിന്റെ ഈ നമ്പർ തന്നെയാണ്. വിളി എത്തേണ്ട താമസം, സവാരിയിലാണെങ്കിൽ യാത്രക്കാരോട് കാര്യം പറഞ്ഞ് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തും. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യവും ഈ ഒട്ടോറിക്ഷയിലുണ്ട്. കൂടാതെ എല്ലാ ഞാറാഴ്ച്ചയും ഇദ്ദേഹത്തിന്റെ ഒട്ടോയിൽ യാത്ര സൗജന്യമാണ്. 

ദില്ലി നഗരത്തിനുള്ളിലെ ഗുരുധ്യാരയിൽ എത്തിയാൽ നഗരത്തിലെവിടെയും ഹര്‍ജീന്ദറിന്റെ ഓട്ടോയിൽ സൗജന്യമായി യാത്ര ചെയ്യാം. ഹർജീന്ദറിന്റെ സേവനം കണക്കിലെടുത്ത് നിരവധി തവണയാണ് ഇദ്ദേഹത്തെ പൊലീസ് ആദരിച്ചത്. ഒപ്പം ഗതാഗതം നിയന്ത്രിക്കാനുള്ള പരിശീലനം നൽകി ട്രാഫിക്ക് വാ‍ർഡന്റെ സ്ഥാനവും നൽകി പൊലീസ്.