ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാണ്.
ഛണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ തന്നെ വെടിവെയ്ക്കാന്‍ ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്‍ അശോക് തന്‍വാര്‍. യോഗത്തില്‍ പിസിസി പ്രസിഡന്‍റിന്‍റെ രാജി ആവശ്യം ഉയര്‍ന്നതോടെയാണ് 'എന്നെ വെടിവെച്ചു കൊന്നേക്കൂ എന്ന്' അശോക് തന്‍വാര്‍ പറഞ്ഞത്. ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അശോക് തന്‍വാര്‍ വൈകാരിക പ്രസ്താവന നടത്തിയത്.
ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം രാജി വയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ സംഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഗുലാംനബി ആസാദ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് 'നിങ്ങള്‍ക്ക് എന്നെ ഒഴിവാക്കണമെങ്കില്‍ എന്നെ വെടിവെക്കൂ' എന്ന് അശോക് തന്‍വാര്‍ പറയുകയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. സംസ്ഥാനത്തെ 17 കോണ്‍ഗസ് എംഎല്‍എമാര്‍ പങ്കെടുത്ത യോഗം രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു.
ഹരിയാന കോണ്‍ഗ്രസില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയുടെയും അശോക് തന്‍വാറിന്‍റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള എതിര്‍പ്പാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണം എന്നും വിലയിരുത്തലുകള്‍ ഉണ്ട്.
