ഹരിയാണയിലെ ​കുപ്രസിദ്ധ കുറ്റവാളിയും ​ഗുണ്ടാത്തലവനുമായ മെയിൻപാൽ ധില്ലയ്ക്കാണ് വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ കസ്റ്റഡി പരോൾ അനുവദിച്ചത്. വ്യാഴാഴ്ച ഹരിയാണയിലെ ജാജ്ജറിലെ ജയിലിന് സമീപത്തെ ഒരു ഫാംഹൗസിലാണ് ധില്ലയുടെ വിവാഹചടങ്ങ്. രാത്രി എട്ടുമണിയോടെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയശേഷം ധില്ലയെ തിരികെ ജയിലിൽ എത്തിക്കും.

ന്യൂ‍ഡൽഹി: തടവിൽ കഴിയുന്ന കുപ്രസിദ്ധ ​ഗുണ്ടാത്തലവന് വിവാഹത്തിനായി 12 മണിക്കൂർ പരോൾ അനുവദിച്ച് കോടതി. ഹരിയാണയിലെ ​കുപ്രസിദ്ധ കുറ്റവാളിയും ​ഗുണ്ടാത്തലവനുമായ മെയിൻപാൽ ധില്ലയ്ക്കാണ് വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ കസ്റ്റഡി പരോൾ അനുവദിച്ചത്. വ്യാഴാഴ്ച ഹരിയാണയിലെ ജാജ്ജറിലെ ജയിലിന് സമീപത്തെ ഒരു ഫാംഹൗസിലാണ് ധില്ലയുടെ വിവാഹചടങ്ങ്. രാത്രി എട്ടുമണിയോടെ വിവാഹചടങ്ങുകൾ പൂർത്തിയാക്കിയശേഷം ധില്ലയെ തിരികെ ജയിലിൽ എത്തിക്കും.

കംബോഡിയൻ സ്വദേശിനിയായ മെറ്റാചാൻ ആണ് ​ധില്ലയുടെ വധു. 2018-ൽ പരോളിലിറങ്ങി കംബോഡിയയിലേക്ക് കടന്ന ധില്ല, അവിടെവെച്ചാണ് മെറ്റാചാനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും കംബോഡിയയിൽ ഒരുമിച്ച് ജീവിതം ആരംഭിച്ചു. ഇവർക്ക് നാലുകുട്ടികളുമുണ്ട്. വ്യാഴാഴ്ച നടക്കുന്ന വിവാഹത്തിനായി വധു മെറ്റാചാനും മൂന്നുകുട്ടികളും ഇന്ത്യയിലെത്തിയിരുന്നു. ഇളയകുട്ടി കംബോഡിയയിൽ തന്നെയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊലപാതകങ്ങൾ ഉൾപ്പെടെ 22-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മെയിൻപാൽ ധില്ല. 2007-10 കാലയളവിൽ രജിസ്റ്റർ ചെയ്ത മൂന്നുകേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇയാളെ നേരത്തേ ഹിസാർ ജയിലിൽ അടച്ചിരുന്നു. എന്നാൽ, ജയിലിൽവെച്ച് ധില്ല മറ്റൊരു തടവുകാരനെ കൊലപ്പെടുത്തി. തുടർന്ന് ഈ കേസിലും പ്രതിയായി. ഇതിനിടെ 2018-ൽ ധില്ലയ്ക്ക് ആറാഴ്ചത്തെ പരോൾ ലഭിച്ചു. എന്നാൽ, പരോളിലിറങ്ങിയ ധില്ല ഒരുമാസത്തിന് ശേഷം കംബോഡിയയിലേക്ക് മുങ്ങുകയായിരുന്നു.

സോനുകുമാർ എന്ന പേരിലാണ് ധില്ല ഇന്ത്യയിൽനിന്ന് കംബോഡിയയിലേക്ക് കടന്നത്. ഇതേപേരിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യാജ രേഖകളും സംഘടിപ്പിച്ചിരുന്നു. തുടർന്ന് കംബോഡിയയിലെത്തിയ ഇയാൾ അവിടെ ബിസിനസ് ആരംഭിച്ചു. ഇതിനിടെയാണ് മെറ്റാചാനുമായി അടുപ്പത്തിലായത്. അതേസമയം, ഇന്ത്യയിൽനിന്ന് മുങ്ങിയ ധില്ല കംബോഡിയയിലുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഹരിയാണ പൊലീസിന്റെ അഭ്യർഥനപ്രകാരം 2024-ൽ ധില്ലയ്ക്കെതിരേ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. 2025 ജൂലായിൽ ധില്ല കംബോഡിയയിൽ പിടിയിലായി. തുടർന്ന് 2025 സെപ്റ്റംബറിൽ കംബോഡിയൻ അധികൃതർ ഇയാളെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.