ദില്ലി: കൊവിഡ് വാക്സിന്‍  പരീക്ഷണത്തിന് വിധേയനായ ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അനില്‍ വിജ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. നവംബര്‍ 20 നാണ് ഭാരത് ബയോടെകിന്‍റെ കൊവാക്സിന്‍ പരീക്ഷണത്തിന് അനില്‍ വിജ് വിധേയനായത്. അതേസമയം, രാജ്യത്തേക്ക് 160 കോടി ഡോസ് കൊവിഡ് വാക്സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാര്‍ തീരുമാനം.

കൊവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ ആദ്യ ആളായാണ് ഹരിയാന ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയുമായ അനില്‍ വിജ് വാക്സിൻ സ്വീകരിച്ചത്. പരീക്ഷണത്തിന് വിധേയനായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി വെളിപ്പെടുത്തിയത്. 67 വയസ്സുകാരനായ അനില്‍ വിജിനെ അംബാലയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താനുമായി സന്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് രോഗ വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ മന്ത്രി ആവശ്യപ്പെട്ടു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. രാജ്യം വാക്സിന്‍ പരീക്ഷണത്തിന്‍റെ നിര്‍ണായക ഘട്ടത്തിലെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാല്‍ ഉടൻ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വാക്സിൻ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ കൊവാക്സിന്‍ പരീക്ഷണത്തിന് വിധേയനായ മന്ത്രി രോഗബാധിതനായത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഗൗരവത്തോടെ കാണും. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്  ഓക്സ്ഫഡും അസ്ടാസ്നൈക്കയുമായി ചേ‍ർന്ന് വികസിപ്പിക്കുന്ന കൊവി ഷീൽഡ് വാക്സിന്‍റെ പരീക്ഷണത്തിന് വിധേയനായ  ചൈന്നൈ സ്വദേശി തനിക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അ‍ഞ്ച് കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഷീല്‍ഡ് സുരക്ഷിതമാണെന്നും തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെന്നും ആരോപിച്ച്  സെറം ഇൻസ്റ്റിറ്റ്യൂട്ട് നൂറ് കോടി നഷ്ടപരാഹാരം ആവശ്യപ്പെട്ട് പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. അതേസമയം രാജ്യത്തേക്ക് 160 കോടി ഡോസ് വാക്സിന്‍ എത്തിക്കാൻ ആണ് കേന്ദ്രസർക്കാര്‍ തീരുമാനം.160 കോടി ഡോസ് വാക്സിൻ ജനസംഖ്യയുടെ അറുപത് ശതമാനത്തിന് ലഭ്യമാകും.  ആർജ്ജിത പ്രതിരോധ ശേഷിയിലൂടെ ബാക്കിയുള്ളവര്‍ക്കും രോഗത്തെ പ്രതിരോധിക്കാമെന്നാണ് സർക്കാര്‍ കരുതുന്നത്.

അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം  96,08,211 ആയി. 512 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,700 ആയി ഉയര്‍ന്നു. 90,58,822 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.