കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാർ ഏർപ്പെടുത്തിയതെന്ന് കരുതുന്ന രണ്ട് അക്രമികൾ വെട്ടിക്കൊന്നു. കുർണൂലിലെ അദോനി എന്നയിടത്താണ് അക്രമം നടന്നത്. നഗരത്തിലെ ആർടിസി കോളനിയിൽ താമസിച്ചിരുന്ന ആദം സ്മിത്ത് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്‍റെ ഭാര്യ മഹേശ്വരിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി കേക്ക് വാങ്ങാൻ നിന്ന യുവാവിനെ രണ്ട് പേർ വളഞ്ഞിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. തലയ്ക്ക് മർദ്ദനമേറ്റ ആദം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് അക്രമികൾ സ്ഥലത്ത് നിന്ന് പോയത് എന്ന് അദോനി സിഐ പി ശ്രീരാമുലു വാർത്താ ഏജൻസിയോട് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്‍റെ ഭാര്യ മഹേശ്വരിയുടെ അച്ഛനായ ചിന്ന ഈരണ്ണയെയും അമ്മാവൻ പെഡ്ഡ ഈരഎണ്ണയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നന്ദവാരം ബ്ലോക്കിലെ ഗുരാജല സ്വദേശിയാണ് ആദം സ്മിത്ത്. അതേ ഗ്രാമത്തിൽ നിന്നുള്ള മഹേശ്വരിയെ, ആദം സ്ഥലത്തെ ആര്യസമാജം ഓഫീസിൽ വച്ച് ഒന്നരമാസം മുമ്പാണ് വിവാഹം ചെയ്തത്. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു ആദം. കുറുവ സമുദായത്തിൽപ്പെട്ടയാളായിരുന്നു ആദമിന്‍റെ ഭാര്യ മഹേശ്വരി. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഇതിനോട് യുവതിയുടെ അച്ഛനമ്മമാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു, ഭീഷണികളുമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.  

കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലായിരുന്നു ആദം സ്മിത്തും മഹേശ്വരിയും. ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ആദം. വീട്ടുകാർ എതിർത്തതിനെത്തുടർന്ന് മഹേശ്വരി വീടുവിട്ട് ആദത്തിനെ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ വധഭീഷണി നിലനിന്നിരുന്നു. അദോനിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. ഭീഷണിയെത്തുടർന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിച്ച് സമവായമാക്കി വിട്ടിരുന്നു. അതിനാൽ അക്രമത്തിന് അച്ഛനമ്മമാർ മുതിരുമെന്ന് കരുതിയില്ലെന്ന് മഹേശ്വരി പറയുന്നു. 

പട്ടികജാതിക്കാർക്കെതിരായ അതിക്രമവും കൊലക്കുറ്റവും ചേർത്താണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.