ഹാഥ്‌റസ്: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികളായവര്‍ കുറ്റക്കാരല്ലെന്ന് ബിജെപി മുന്‍ എംഎല്‍എ രാജ്‌വീര്‍ പഹല്‍വാന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം ഉയരുന്നതിനിടെയാണ് ഉന്നതജാതിക്കാരുടെ യോഗം സ്വന്തം വീട്ടില്‍ വിളിച്ചുകൂട്ടി ബിജെപി നേതാവ് പ്രതികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയത്.

സിബിഐ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും രാജ്‌വീര്‍ പഹല്‍വാന്‍ സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും നുണപരിശോധനക്ക് പെണ്‍കുട്ടിയുടെ കുടുംബം തയ്യാറാകാത്തത് സംശായ്പദമാണെന്നും ഇവര്‍ ആരോപിച്ചു. അഭിഭാഷകരടക്കം യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കാണുമെന്നും ഇവര്‍ പറഞ്ഞു. 

ഏകദേശം 500ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് കേസില്‍ ഇടപെടുമെന്നും രാജ്‌വീര്‍ പഹല്‍വാന്‍ ഉറപ്പ് നല്‍കി. പ്രതികളുടെ കുടുംബാംഗങ്ങളും യോഗത്തിനെത്തിയിരുന്നു. യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെ ആരും സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസിനെ അറിയിച്ചാണ് യോഗം കൂടിയതെന്ന് സംഘാടകര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് മുന്‍ എംഎല്‍എയുടെ വീട്ടില്‍ അഞ്ഞൂറോളം പേര്‍ തടിച്ചുകൂടിയത്. 
പെണ്‍കുട്ടിയുടെ കുടുംബമടക്കം കേസുമായി ബന്ധപ്പെട്ട എല്ലാവരെയും നുണപരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.നുണപരിശോധനക്ക് തയ്യാറല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.

സെപ്റ്റംബര്‍ 14നാണ് ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. 29ന് ദില്ലിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. വീട്ടുകാരെയടക്കം മറികടന്ന് പുലര്‍ച്ചെ 2.30ന് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ബീജം കണ്ടെത്താത്തിനാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.