ദില്ലി/ ലഖ്‍നൗ: ഹഥ്റാസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ്. ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കാൻ ഒന്നുമില്ല. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ല. അതിനാൽ ബലാത്സംഗം നടന്നിട്ടില്ല എന്ന് വിധിയെഴുതുകയാണ് പൊലീസ്. ഒപ്പം, സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതോടെ, നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് ഈ കേസ് വഴിതിരിയുകയാണ്. 

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കുന്നു. കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആദ്യം സംഭവത്തിൽ കൊലപാതകശ്രമത്തിന് മാത്രമാണ് യുപി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിൽ നാല് പേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഇതിൽ ബലാത്സംഗക്കുറ്റം കൂടി ചുമത്താൻ പൊലീസ് തയ്യാറായത് പോലും. പ്രതികളെ സംരക്ഷിക്കാനാണ് യുപി പൊലീസ് ആദ്യം മുതലേ ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പല തവണ ആരോപിച്ചതാണ്. പല തവണ പരാതി നൽകിയിട്ടാണ് കേസെടുക്കാൻ പോലും പൊലീസ് തയ്യാറായത് എന്നും അവർ ആരോപിച്ചിരുന്നു. 

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടങ്ങിയ സമയത്ത് തന്നെ അലിഗഢ് ഐജിയാണ് ഇത് സംബന്ധിച്ച് ആദ്യപ്രസ്താവന നടത്തുന്നത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാൻ മെഡിക്കൽ റിപ്പോർട്ടിൽ കഴിയാത്തതിനാൽ ഫോറൻസിക് പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ അയക്കുകയാണെന്ന് അലിഗഢ് ഐജി അന്ന് പ്രസ്താവനയിറക്കിയത് തന്നെ വിവാദമായിരുന്നു. 

യുപി എഡിജി തന്നെ ഈ പ്രസ്താവനയിറക്കുമ്പോൾ ഇത് വലിയ പ്രതിഷേധത്തിനാകും വഴിവയ്ക്കുക. സെപ്റ്റംബർ 14-നാണ് ഹഥ്റസിലെ ദളിത് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. വലിയ പ്രതിഷേധമുയർന്നതിനെത്തുടർന്ന് സംഭവമുണ്ടായി എട്ട് ദിവസത്തിന് ശേഷം, സെപ്റ്റംബർ 22-ന് മാത്രമാണ് പെൺകുട്ടിയുടെ മൊഴി ജില്ലാ മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നത്. അപ്പോഴാണ് തന്നെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന് പെൺകുട്ടി പറയുന്നത്. അതിന് ശേഷം ആന്തരികാവയവങ്ങളിലടക്കമേറ്റ പരിക്കുകൾ മൂലം പെൺകുട്ടി അതീവഗുരുതരാവസ്ഥയിലായി. 

ഇന്ന് സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് അനുസരിച്ച് കഴുത്തിനേറ്റ പരിക്കാണ് പെൺകുട്ടിയുടെ മരണകാരണം. ആന്തരികാവയവങ്ങളിൽ അണുബാധയുണ്ടായതും പെൺകുട്ടിയുടെ ആരോഗ്യനില വഷളാക്കിയെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അർദ്ധരാത്രി പെൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോയി, ബന്ധുക്കളെപ്പോലും അറിയിക്കാതെ ദഹിപ്പിച്ചതിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇത് കേസ് അട്ടിമറിക്കാനാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.