ലഖ്‍നൗ/ ദില്ലി: ഹഥ്റാസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് 40 എംപിമാരുമായി പോകുമെന്ന് രാഹുൽ ഗാന്ധി. നേരത്തേ ഹഥ്റാസിലേക്ക് പോകാൻ ശ്രമിക്കവേ, രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ദില്ലി - യുപി അതിർത്തിയിൽ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ഇതിനിടെ, യുപിയിൽ ദളിത് സംഘടനകളുടെയും പാർട്ടികളുടെയും പ്രതിഷേധം ഇരമ്പുകയാണ്. യുപി നിയമസഭാ മന്ദിരത്തിന് മുന്നിൽ മാലിന്യം തള്ളി പ്രതിഷേധിച്ച ഭീം ആർമി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിനിടെ, ഹഥ്റാസിലെ പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവർത്തകയുടെ ഫോൺ ചോർത്തി, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് പുറത്തുവിട്ട ബിജെപി ഐടി സെൽ അധ്യക്ഷനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹഥ്റാസിലേക്ക് പുറപ്പെട്ടത്. എന്നാൽ ദില്ലി - യുപി അതിർത്തിയിലുള്ള ഗ്രേറ്റർ നോയ്ഡയിൽ യമുന എക്സ്പ്രസ് വേയിലേക്ക് കടക്കുമ്പോൾത്തന്നെ ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. തിരികെപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലും പ്രിയങ്കയും ഇറങ്ങി നടക്കാൻ തുടങ്ങി. പൊലീസ് വീണ്ടും തടഞ്ഞു. ഉന്തും തള്ളുമായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ലാത്തിച്ചാർജുണ്ടായി. രാഹുൽ ഉന്തിലും തള്ളിലും താഴെ വീണു. തുടർന്ന് പൊലീസ് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു. ഇന്നലെ ഹഥ്റാസിലെത്തിയ തൃണമൂൽ എംപിമാരെയും പൊലീസ് സമാനമായ രീതിയിൽ കയ്യേറ്റം ചെയ്തിരുന്നു. ഡെറക് ഒബ്രയൻ എംപിയെ ഉന്തിത്തള്ളി താഴെയിട്ടു പൊലീസ്. സ്ഥലത്ത് സംഘർഷവുമുണ്ടായി.

മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നു?

ഹഥ്റാസിലെ പെൺകുട്ടിയുടെ വീട് അടക്കമുള്ള പ്രദേശങ്ങൾ പൊലീസ് വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് നിരോധനാജ്ഞയുണ്ട്. പൊലീസ് മാധ്യമപ്രവർത്തകരെയോ, രാഷ്ട്രീയപ്രവർത്തകരെയോ സ്ഥലത്തേക്ക് കയറ്റിവിടുന്നില്ല. ഇതിനിടെയാണ് പെൺകുട്ടിയുടെ സംസ്കാരം ബന്ധുക്കളെ അറിയിക്കാതെ നടത്തിയതിനെക്കുറിച്ച് പ്രതികരണം തേടിയ ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തകയുടെ ഫോൺ സംഭാഷണം പുറത്തുവന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇത് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ്. ബിജെപിയുടെ ഐടി സെൽ മേധാവിക്ക് എങ്ങനെയാണ് മാധ്യമപ്രവർത്തകയുടെ ഫോൺ റെക്കോഡ് ലഭിച്ചതെന്നതിൽ വിവാദം കത്തുകയാണ്. യുപി സർക്കാർ മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നുണ്ടെന്ന ആരോപണവും ഇന്ത്യാ ടു‍ഡേ അടക്കമുള്ള മാധ്യമങ്ങളിലെ മുതിർന്ന മാധ്യമപ്രവർത്തകർ ഉന്നയിക്കുന്നു. ഇതിന് പിന്നാലെ, സ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ, പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കടുത്ത സൈബറാക്രമണവും ഭീഷണികളും അസഭ്യവർഷവുമാണ് ഉയരുന്നത്.

ഇതിനിടെ, എബിപി ന്യൂസിലെ മാധ്യമപ്രവർത്തകയായ പ്രതിമാ മിശ്രയെയും ക്യാമറാമാനെയും പൊലീസ് ബലമായി തിരിച്ചയക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആദ്യം ഇവരെ തടഞ്ഞത്. പിന്നീട്, ബന്ധുക്കളെ ഭീഷണിപ്പെടുത്തി എന്തെങ്കിലും പറയിപ്പിക്കാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നെങ്കിൽ പൊലീസിന് തനിക്കൊപ്പം വരാമെന്ന് പ്രതിമ മിശ്ര ദൃശ്യങ്ങളിൽ പറയുന്നത് കാണാം. എന്നിട്ടും പൊലീസ് അവരെ കടക്കാൻ അനുവദിക്കാതെ ബലംപ്രയോഗിച്ച് തിരിച്ചയച്ചു.

വലിയ പ്രതിഷേധങ്ങൾ തുടർന്നതോടെ, ശനിയാഴ്ച, അൽപസമയം മുമ്പ് കുറച്ച് മാധ്യമപ്രവർത്തകരെ അകത്തേക്ക് കയറ്റിവിടാൻ പൊലീസ് തയ്യാറായിട്ടുണ്ട്.

ഇതിനിടെ, പ്രകോപനപ്രസ്താവനകളുമായി വീണ്ടും ബിജെപി നേതാക്കൾ കളം നിറയുകയാണ്. ദില്ലി കലാപത്തിന് മുമ്പ് പ്രകോപനപരവും വർഗീയനിറമുള്ളതുമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര അതേതരം പ്രസ്താവനകൾ വീണ്ടും ആവർത്തിക്കുകയാണ്. ഹഥ്റാസ് സംഭവം വർഗീയവത്കരിക്കാൻ ശ്രമമെന്ന് കപിൽ മിശ്ര ആരോപിക്കുന്നു. മുൻപെങ്ങുമില്ലാത്ത വിധമാണ് ഇരയായ പെൺകുട്ടിയുടെ ജാതി പ്രചരിപ്പിക്കുന്നത്. നിർഭയ സംഭവത്തിൽ പോലും ഇരയുടെ പേരോ ജാതിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ലെന്നും കപിൽ മിശ്ര പറയുന്നു. ദളിത് പെൺകുട്ടിയായതുകൊണ്ടാണ് അവർക്ക് നീതി നിഷേധിക്കപ്പെടുന്നതെന്ന് ദളിത് സംഘടനകൾ അടക്കം ഉന്നയിക്കുമ്പോഴാണ്, കപിൽ മിശ്രയുടെ പ്രസ്താവന. 

പ്രതികൾക്ക് പിന്തുണയുമായി പഞ്ചായത്ത്

ഇതിനിടെ, ഹഥ്റാസിലെയും സമീപഗ്രാമങ്ങളിലെയും സവർണസമുദായങ്ങളിൽ പെട്ടവർ വിളിച്ചുചേർത്ത പഞ്ചായത്ത് ബലാത്സംഗം ചെയ്യുകയും പെൺകുട്ടിയെ ആക്രമിക്കുകയും ചെയ്ത പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യമുന്നയിച്ചത്. ബലാത്സംഗം നടന്നെന്നത് തെറ്റായ ആരോപണമാണെന്നും, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് നുണപരിശോധന നടത്തണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.