ലഖ്നൗ: ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഉത്തർപ്രദേശ് പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

നീതി ഉറപ്പാക്കാനാണ് പൊലീസ് അന്വേഷണമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ, പൊലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവൻ പൊലീസാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. 

അതേസമയം, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. 

ഹഥ്രാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതെ സമയം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാർ ഈക്കാര്യം അറിയിച്ചത്. എന്നാൽ ഇത് തെളിവ് നശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. വരും ദിവസങ്ങളിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നാണ് കോൺഗ്രസിന്റെ തീരുമാനം. പൊലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിൻവലിക്കാൻ ജില്ലാ മജിസ്ട്രേറ്റ് സമ്മർദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. , കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി നേരിട്ട് വിളിപ്പിച്ചു. ഒക്ടോബർ 12 ന് ഹാജരാകാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.