Asianet News MalayalamAsianet News Malayalam

ഹഥ്രാസ് ബലാത്സം​ഗം; യുപി സര്‍ക്കാരിനെതിരെ ദളിത് എംപിമാര്‍; ബിജെപി പ്രതിരോധത്തില്‍

ഹഥ്രാസ് സംഭവത്തില്‍   പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയരുകയാണ്. ബിജെപി എസ് സി മോര്‍ച്ച നേതാവും, കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ്  ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ  വിമര്‍ശനത്തിന് തുടക്കമിട്ടത്. സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരിൻറെ പ്രതിച്ഛായ തകര്‍ത്തെന്ന് വിനോദ് കുമാര്‍ സോങ്കര്‍ തുറന്നടിച്ചു. 

hathras rape case bjp is in trouble due to inner conflict
Author
Delhi, First Published Oct 1, 2020, 1:01 PM IST

ദില്ലി: ഹഥ്രാസ് ബലാത്സംഗ കേസിനെച്ചൊല്ലി ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ വീഴ്ചയെ അപലപിച്ച് പാര്‍ട്ടിയുടെ ദളിത് എംപിമാര്‍ രംഗത്തെത്തി. പ്രതികളെ തൂക്കിലേറ്റണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

സ്ത്രീകളുടെ ജീവന് വിലയില്ലേ. അവര്‍ക്ക് ആര് സംരക്ഷണം നല്‍കും? എന്ന് ചോദിച്ച് 2012 ഒക്ടോബറില്‍  സ്മൃതി ഇറാനി നടത്തിയ  പ്രതിഷേധ പ്രകടനം ഇപ്പോൾ ബിജെപിയെ തിരിഞ്ഞു കൊത്തുകയാണ്. യുപിഎ സര്‍ക്കാരിന്‍റെ ഭരണത്തില്‍ ഉത്തര്‍പ്രദേശിലടക്കം വര്‍ധിച്ച സ്രീതീപീഡനങ്ങള്‍ക്കെതിരെയാണ്  അന്ന് സ്മൃതി ഇറാനി പ്രതിഷേധിച്ചത്.  ഭരണം മാറിയിട്ടും സ്ഥിതി മാറിയില്ല എന്ന രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരും, യോഗി ആദിത്യനാഥും ഇപ്പോൾ  നേരിടുന്നത്.  ഹഥ്രാസ് സംഭവത്തില്‍   പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയരുകയാണ്. ബിജെപി എസ് സി മോര്‍ച്ച നേതാവും, കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ്  ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ  വിമര്‍ശനത്തിന് തുടക്കമിട്ടത്. സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരിൻറെ പ്രതിച്ഛായ തകര്‍ത്തെന്ന് വിനോദ് കുമാര്‍ സോങ്കര്‍ തുറന്നടിച്ചു. ദളിതരെയും പാവപ്പെട്ടവരെയും ഉത്തര്‍ പ്രദേശ് പൊലീസ് പീഡിപ്പിക്കുകയാണെന്ന് മോഹന്‍ലാല്‍ ഗഞ്ച് എംപി കൗശല്‍  കിഷോറും ആരോപിച്ചു. സംഭവത്തെ രാഷ്ട്രീയായുധമാക്കിയ ബിഎസ് പി  അധ്യക്ഷ മായാവതി  സംസ്ഥാന ഭരണത്തില്‍ ദളിതുകള്‍ അരക്ഷിതരാണെന്ന്  ആഞ്ഞടിച്ചു.
ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ നിയമവാഴ്ചയല്ല, ഗുണ്ടാ മാഫിയ വാഴ്ചയാണ് നടക്കുന്നതെന്നാണ് മായാവതി പറഞ്ഞത്.

പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം രൂക്ഷമായതോടെ ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍  പ്രതിരോധത്തിലായിരിക്കുകയാണ്. കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചും ജോലി വാഗ്ദാനം ചെയ്തും സംഭവം തണുപ്പിക്കാന്‍ യോഗി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വിടാന്‍ ഒരുക്കമല്ല. പഴയ ദളിത് പിന്തുണ തിരിച്ചു പിടിക്കാനുള്ള അവസരമെന്ന് കണ്ടാണ് രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്കഗാന്ധിയുടെയും നീക്കം .  

Read Also: രാഹുലും പ്രിയങ്കയും ഹാഥ്റസിലേക്ക്; അതിര്‍ത്തി അടച്ച് യുപി പൊലീസ്, നിരോധനാജ്ഞ...

 

Follow Us:
Download App:
  • android
  • ios