ദില്ലി: ഹാഥ്റസ് ബലാത്സംഗക്കൊലപാതക കേസിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്ത് പെൺകുട്ടിയുടെ കുടുംബം. ഹാഥ്റസ് സംഭവം ഞെട്ടിച്ചെന്ന് പറഞ്ഞ സുപ്രീംകോടതി കുടുംബത്തിന് ആവശ്യമായ സുരക്ഷയും നിയമസഹായവും ഉറപ്പാക്കുമെന്നും നിലപാടെടുത്തിരുന്നു. സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു പെൺകുട്ടിയുടെ സഹോദരന്‍റെ പ്രതികരണം. 

അഭിഭാഷകനെ ഏർപ്പാടാക്കാനുള്ള തീരുമാനം തൃപ്തികരമാണ്. കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കണം എന്ന് തന്നെയാണ് കുടുംബം ആവശ്യപ്പെടുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ നീതി കിട്ടണമെന്നും സഹോദരൻ ആവശ്യപ്പെട്ടു, 

അതിനിടെ ബലാത്സംഗക്കൊലപാതക കേസിലെ പെൺകുട്ടിയുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പേരും പടവും പ്രസിദ്ധപ്പെടുത്തരുതെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, നടി സ്വരാ ഭാസ്ക്കർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.  പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണത്തിൽ ആണ് നോട്ടീസ്