ബെംഗളുരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹമാണ് ഇന്ന്. ലോക്ക് ഡൗണിനിടെ അധികമാരെയും ക്ഷണിക്കാനാകാത്തതില്‍ ക്ഷമ ചോദിച്ച് അദ്ദേഹമെത്തി. തന്റെ അനുയായികള്‍ ലോക്ക് ഡൗണ്‍ ലംഘിക്കരുതെന്നും കുടുംബത്തിന് ആശംസമതിയെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ ബന്ധു രേവതിയെയാണ് നിഖില്‍ വിവാഹം ചെയ്യുന്നത്. രാമനഗരത്തില്‍ വച്ച് ഏപ്രില്‍ 17 ന് മകന്റെ വിവാഹം വലി ആര്‍ഭാടമായി നടത്താനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് 19 നെ തുടര്‍ന്ന് പുറത്തിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം എല്ലാം വേണ്ടെന്ന് വച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമടങ്ങുന്ന 60 ഓളം പേര്‍ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. '' - കുമാര സ്വാമി വീഡിയോയിലൂടെ അറിയിച്ചു. 

'' ഒരുപാട് വേദനയോടെയും മാപ്പ് പറഞ്ഞും ഞാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെടുകയാണ് എനിക്ക് നിങ്ങളെയെല്ലാം ക്ഷണിക്കണമെന്നുണ്ടായിരുന്നു. ഒഴിച്ചുകൂടാനാകാത്ത ഈ സാഹചര്യത്തില്‍ എല്ലാം വീട്ടിനുള്ളിലേക്ക് ചുരുക്കേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലിരുന്നുകൊണ്ട് ആശംസകള്‍ അറിയിക്കുക. ''  - കുമാരസ്വാമി പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കാനുള്ള സൗകര്യം തന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ ഫാം ഹൗസില്‍ വച്ചാണ് വിവാഹം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്‌നങ്ങള്‍ അവസാനിക്കുമ്‌പോള്‍ ആര്‍ഭാടമായി റിസപ്ഷന്‍ നടത്തുമെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.